കോഴിക്കോട്: ഓഫറുകളുടെ പേരിൽ പകൽക്കൊള്ളയുമായി ബ്രാൻഡഡ് ഷോറൂം. ഷോപ്പിനുള്ളിൽ കയറാൻ, 100, 250 രൂപ എൻട്രി ഫീസ്. അതിനുശേഷം “ബ്രാൻഡഡ്’ വസ്ത്രം എടുക്കണോ എന്ന് തീരുമാനിക്കാം. എടുത്തില്ലെങ്കിൽ എൻട്രി ഫീസ് പോയതുതന്നെ . ജനങ്ങളെ പിഴിഞ്ഞെടുക്കാൻ പുതിയ വഴികളുമായി നഗരത്തിലെ വസ്ത്ര വിൽപ്പന ശാല രംഗത്തെത്തിയിരിക്കുകയാണ്.
ചക്കോരത്ത്കുളത്ത് കഴിഞ്ഞമാസം തുറന്ന “ബ്രാൻഡ് ഫാക്ടറി’ എന്ന സ്ഥാപനത്തിലാണ് ഡിസ്ക്കൗണ്ടിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തുന്നത്. 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങുന്പോൾ 2000 രൂപ മാത്രം നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 5000 രൂപയുടെ വസ്ത്രങ്ങൾ വാങ്ങണമെങ്കിൽ ആദ്യം 100 രൂപയോ 250 രൂപയോ മുടക്കണം.
100,250 രൂപ മുടക്കി എൻട്രി പാസ് എടുത്താൽ മാത്രമേ ആവശ്യക്കാർക്ക് കടയിൽ കയറി സാധനങ്ങൾ നോക്കാൻ പോലും സാധിക്കുകയുള്ളൂ. തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ കടയിലുണ്ടോ എന്ന് പരിശോധിക്കണമെങ്കിൽ പോലും ഈ എൻട്രി പാസ് എടുക്കണം. മാത്രവുമല്ല, തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ എൻട്രി പാസിന്റെ പണം നഷ്ടമാകും.
അതായത് ഒരു കടയിൽ കയറി തങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എൻട്രി ഫീസ് ആയ 100 രൂപയോ 250 രൂപയോ മുടക്കണം. 5000 രൂപയ്ക്ക് എത്ര വസ്ത്രങ്ങൾ കിട്ടുമെന്ന് അറിയണമെങ്കിലും എൻട്രി ഫീസ് കൊടുക്കണം. എന്നാൽ എൻട്രി ഫീസ് ചെക്ക് ആയോ കാഷ് ആയോ തിരിച്ചു നൽകില്ലെന്ന് ഇവിടെ വിതരണം ചെയ്യുന്ന നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. പാസ് എടുത്ത് വരി നിൽക്കുന്നവർ തളർന്ന് ഒന്ന് മാറിനിന്നാൽ പോലും പിന്നെ കടയിൽ കയറാൻ സാധിക്കില്ല.
പാസ് എടുത്ത് വരിനിൽക്കുന്നവരെ എപ്പോൾ വേണമെങ്കിലും നിയന്ത്രിക്കാമെന്നും എൻട്രി നിർത്തലാക്കാമെന്നും നോട്ടീസിൽ പറയുന്നു. മാത്രവുമല്ല, ഇത്തരത്തിൽ വാങ്ങുന്ന സാധനങ്ങൾക്ക് വല്ല തകരാറുമുണ്ടെങ്കിൽ ഇവ മാറ്റി നൽകുകയും ഇല്ല. ഇതിന് പുറമെ ഡിസ്കൗണ്ട് പ്രമാണിച്ചുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ തൊട്ടടുത്ത ജിംനേഷ്യത്തിൽ നിന്നുള്ളവരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. നോട്ടീസ് വിതരണം ചെയ്യാനും എൻട്രി പാസ് കൗണ്ടറിന് മുന്നിലുമെല്ലാം ജിമ്മിലെ ട്രെയിനർമാരാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ഉത്തരമേഖല ഡിജിപി ഓഫീസിന് മൂക്കിനു താഴെയാണ് ഇത്തരം തോന്ന്യാസം നടക്കുന്നതെന്നും ശ്രദ്ധേയം. അടുത്ത മാസത്തെ പർച്ചേസിൽ എൻട്രി പാസിന്റെ തുക തിരിച്ചു നൽകുമെന്ന് പോലീസിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലിയ തട്ടിപ്പ് ഇക്കൂട്ടർ നടത്തുന്നത്. നിരവധി പേർ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.