അടിമാലി: ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപന നടത്തിയ അടിമാലി കണ്‍സ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ.
മദ്യവിൽപനയ്ക്ക് കൂട്ടുനിന്നതിന് ശാഖയിലെ ആറു ജീവനക്കാരെ കണ്‍സ്യൂമർഫെഡ് സസ്പെൻഡുചെയ്തു. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മാർച്ച് 25-ന് ബില്ലില്ലാത്ത നാലുകുപ്പി വിദേശമദ്യവുമായി രണ്ടുപേരെ അടിമാലി പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ചോദ്യംചെയ്യലിൽ മദ്യം കൈവശംവച്ചിരുന്നത് അടിമാലി കണ്‍സ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അതുൽ സാമും സഹോദരൻ അമൽ സാമുമാണെന്ന് വ്യക്തമായി. പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ഏഴായിരം രൂപയും പിടിച്ചെടുത്തു.
തുടരന്വേഷണത്തിൽ ലോക്ഡൗണിന്റെ മറവിൽ ശാഖയിൽ സൂക്ഷിച്ചിരുന്ന മദ്യം ഇരുവരുംചേർന്ന് കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് കണ്ടെത്തി. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡുചെയ്തു.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്‍സ്യൂമർഫെഡ് നടത്തിയ അന്വേഷണത്തിലാണ് മദ്യവിൽപനയിൽ അടിമാലി ശാഖലയിലെ കൂടുതൽപേർ ഉണ്ടെന്ന് കണ്ടെത്തിയത്.
ഇതേത്തുടർന്നാണ് ശാഖ മാനേജറടക്കം ആറുപേരെ സസ്പെൻഡ് ചെയ്തത്. ലോക്ഡൗണിൽ സർക്കാർ നിർദേശത്തെതുടർന്ന് മദ്യവിൽപനശാലകൾ മാർച്ച് 24-ന് രാത്രി ഒന്പതിനു പൂട്ടിയതാണ്. എന്നാൽ ഇതിനുശേഷവും ഇവിടെ വിൽപന നടന്നു.
പ്രാഥമിക പരിശോധനയിൽ ഒൗട്ട്ലെറ്റിലെ സ്റ്റോക്കും ബില്ലും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. ലോക്ഡൗണിനുശേഷം ഓഫീസ് തുറക്കുന്പോൾ കൂടുതൽ പരിശോധന നടത്തുമെന്നും ഇതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കണ്‍സ്യൂമർഫെഡ് അറിയിച്ചു.