തലശേരി: പ്രിൻസിപ്പൽ നീക്കം ചെയ്ത കൊടിമരം 24 മണിക്കൂറിനുള്ളിൽ എബിവിപി പുനഃസ്ഥാപിച്ചതിനു പിന്നാലെ ബ്രണ്ണൻ കോളജ് കാമ്പസിൽ കൊടിമരം സ്ഥാപിക്കാൻ കെഎസ്യു വും രംഗത്ത്. തിങ്കളാഴ്ച കാമ്പസിൽ കെഎസ്യുവിന്റെ കൊടിമരം സ്ഥാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇതോടെ വർഷങ്ങളായി എസ്എഫ്ഐക്ക് മാത്രം കൊടിമരമുണ്ടായിരുന്ന കാമ്പസിൽ മറ്റ് വിദ്യാർഥി സംഘടനകളും കൊടിമരം സ്ഥാപിച്ച് മുന്നോട്ട് പോകും.
കാമ്പസുകളിൽ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ വിദ്യാർഥി സംഘടനകൾക്ക് അവകാശമുണ്ടെന്നും ബ്രണ്ണൻ കോളജിൽ അനുമതിയില്ലാതെ കൊടിമരം സ്ഥാപിച്ച എബിവിപി നടപടിയെ ചോദ്യം ചെയ്ത പ്രിൻസിപ്പലിനു നേരെ വധഭീഷണി ഉയർത്തിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ഷിബിൻ കാനായി പറഞ്ഞു. ഇതിനിടയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രിൻസിപ്പലിന്റെ വീടിനും കോളജിനും പോലീസ് കാവൽ ഏർപ്പെടുത്തി.
തനിക്ക് വധഭീഷണി ഉണ്ടെന്നും തന്റെ മരണ മൊഴി രേഖപ്പെടുത്തണമെന്നും പ്രിൻസിപ്പൽ പോലീസിനോട് പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് എബിവിപി കാമ്പസിൽ കൊടി സ്ഥാപിച്ചതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ ബി ജെ പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഉൾപ്പെടെ 50 ബിജെപി-എബിവിപി പ്രവർത്തകർക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ബലിദാനി വിശാൽ അനുസ്മരണത്തിനായി അനുമതി വാങ്ങിയാണ് ബുധനാഴ്ച എബിവിപി കാമ്പസിനുള്ളിൽ താത്കാലികമായി കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ ശേഷവും നീക്കം ചെയ്യാത്തതിനെ തുടർന്ന് ഉച്ചയോടെ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ.ഫൽഗുനൻ നേരിട്ടെത്തി കൊടിമരം പിഴുതെടുത്ത് പുറത്ത് നിന്ന പോലീസിനെ ഏൽപിക്കുകയായിരുന്നു.
പ്രിൻസിപ്പൽ കൊടിമരവുമായി പോവുന്ന രംഗം ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും പ്രചരിപ്പിക്കപ്പെട്ടതോടെ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധവുമായെത്തി അന്ന് രാത്രി ഒൻപതോടെ ഇവർ പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയായിരുന്നു.