ബ്രണ്ടൻ കോണ്ടി- വയസ് 25, സംരംഭകൻ, ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ.. ശതകോടീശ്വരൻ. ഒരു വിശേഷണംകൂടിയുണ്ട്- കടുത്ത ദാരിദ്ര്യത്തിൽ ജീവിതം തുടങ്ങിയവൻ.അമ്മ ഒറ്റയ്ക്കു വളർത്തിയ കുട്ടിയായിരുന്നു അവൻ. പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി അമ്മയുടെ ജോലി നഷ്ടപ്പെട്ടു. ഒപ്പം ഒരു മുന്നറിയിപ്പുംകൂടി കിട്ടി- താമസിക്കുന്ന വീട് 12 മണിക്കൂറിനകം ഒഴിയണം!
പട്ടിണിയാവരുതെന്നും തലയ്ക്കുമുകളിൽ ഒരു കൂരയുണ്ടാകണമെന്നും മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ അന്ന്. സുഹൃത്തുക്കളുടെ വീടുകളിൽ മാറിമാറി അന്തിയുറങ്ങാൻ പറ്റി. പക്ഷേ ചിലപ്പോഴൊക്കെ തെരുവിലും. അമ്മ പലയിടങ്ങളിലായി അലഞ്ഞു ജോലിചെയ്തുകൊണ്ടിരുന്നു.
ബാലനായ ബ്രണ്ടനെ പലപ്പോഴും ഒറ്റയ്ക്കാക്കി അവർ മണിക്കൂറുകൾ പണിയെടുത്തു- പാത്രത്തിൽ അല്പമെങ്കിലും ഭക്ഷണം ഉറപ്പാക്കാൻ.അമ്മ ഒരുപാടു കഷ്ടപ്പെട്ടു, എന്നെ ഒരുപാടു സ്നേഹിച്ചു.. ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ ഞങ്ങൾക്ക്. സത്യത്തിൽ എനിക്കു ജീവ ിതത്തെ പേടിയായിരുന്നു- ബ്രണ്ടൻ പറയുന്നു.
ആദ്യ സംരംഭം- പാത്രം കഴുകൽ
പതിനാറാം വയസിൽ അവനൊരു തീരുമാനമെടുത്തു. അമ്മയുടെ കഷ്ടപ്പാടു കുറയ്ക്കണം, ചെറിയ വരുമാനമെങ്കിലും സ്വയം ഉണ്ടാക്കണം. അങ്ങനെ അവൻ പാത്രം കഴുകുന്ന പണിക്കു പോയിത്തുടങ്ങി.
പിന്നീടു ബാറിൽ മദ്യമൊഴിച്ചുകൊടുക്കുന്നയാളായി. അതും കഴിഞ്ഞ് കോടീശ്വരന്മാരുടെ ആഡംബര നൗകകൾ വൃത്തിയാക്കുന്ന ജോലിയിലേക്കു തിരിഞ്ഞു.പണക്കാരുടെ ജീവിതശൈലി ബ്രണ്ടന്‍ വലിയ പ്രചോദനമായി. തനിക്കും അതുപോലെയാകണമെന്ന് അയാൾ സ്വപ്നംകണ്ടുതുടങ്ങി. 21 വയസാണ് അന്നയാൾക്ക് എന്നോർക്കണം.
ഇൻസ്റ്റഗ്രാമിലേക്ക്
പണിയെടുത്തു കിട്ടുന്ന കാശ് കഴിയുന്നതും സൂക്ഷിച്ചുവച്ച ബ്രണ്ടൻ ഒരു കാര്യംകൂടി ചെയ്തു. ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയ സർവീസിൽ ശ്രദ്ധ പതിപ്പിച്ചു. അതിലെ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ പരിശ്രമിക്കുകയും ചെയ്തു. എങ്ങനെ കൂടുതൽ ഫോളോവേഴ്സിനെ നേടാം എന്ന് പുസ്തകം വായിച്ചു പഠിക്കാനും ബ്രണ്ടൻ മറന്നില്ല.
താൻ സ്വപ്നംകണ്ട ജീവിതശൈലിയുള്ള വലിയ സംരംഭകരെയെല്ലാം അയാൾ ഫോളോ ചെയ്തു. അവരെ നേരിൽ കണ്ടു പരിചയപ്പെടാൻ നിരന്തരം ശ്രമിച്ചു. അരിസോണയിൽ ഇൻസ്റ്റഗ്രാം മാർക്കറ്റിംഗ് ബിസിനസ് ചെയ്തിരുന്ന യുവാക്കളെ അങ്ങനെ കണ്ടുപരിചയപ്പെട്ടതാണ്.
ഓണ്‍ലൈൻ സംഭാഷണത്തിനുശേഷം അവർ നേരിട്ടു കാണാൻ ക്ഷണിച്ചു. അതു ബ്രണ്ടന്റെ ജീവിതത്തിലെ വഴിത്തിരിവു കൊണ്ടുവന്നു.പുത്തൻ കാറുകൾ, സന്പത്ത്, വിജയത്തിന്റെ വഴികൾ… എല്ലാം ഞാൻ കണ്ടു. അവരെപ്പോലെയാകാൻ ഞാൻ കഠിനമായി ആഗ്രഹിച്ചു.
ഒരു മാസത്തിനുശേഷം കാണാം എന്നുപറഞ്ഞാണ് ബ്രണ്ടൻ മടങ്ങിയത്. സ്വന്തമായി ബിസിനസ് തുടങ്ങാൻ അവിടെവച്ചുതന്നെ തീരുമാനമെടുത്തിരുന്നു.അങ്ങനെ ബ്രണ്ടൻ സ്വന്തം മാർക്കറ്റിംഗ് കന്പനി തുടങ്ങി. ആ യുവാക്കളായിരുന്നു അയാളുടെ തലതൊട്ടപ്പന്മാർ.
രണ്ടുവർഷം കഴിഞ്ഞു. ബ്രണ്ടൻ ഇപ്പോൾ ഒരു ശതകോടീശ്വരനാണ്. കാൽലക്ഷം ഡോളർ പ്രതിമാസം ലാഭമുണ്ടാക്കുന്നു. ഇൻസ്റ്റഗ്രാമിൽ രണ്ടരലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. വീട്ടുമുറ്റത്ത് ലംബോർഗിനി കാർ വിശ്ര മിക്കുന്നു.
മറക്കില്ല, വന്ന വഴി
താൻ നടന്നുതീർത്ത വഴികൾ മറക്കാൻ ബ്രണ്ടന്‍ താത്പര്യമില്ല. എന്റെ കഴിഞ്ഞകാലം പോലെയാകരുത് ഭാവികാലമെന്ന് എനിക്കാഗ്രഹമുണ്ട്. മറ്റുള്ളവർ വന്നയിടത്തുനിന്നല്ല ഞാൻ വിജയിച്ചുകയറിയത്- അയാൾ പറയുന്നു.സ്വയം പൂർണവിശ്വാസമുണ്ടാക്കുക, റിസ്ക് എടുക്കാൻ മടിക്കാതിരിക്കുക, അവനവനോടു പന്തയം വയ്ക്കുക- ഇതാണ് ബ്രണ്ടന്റെ വിജയമന്ത്രം.
ഇപ്പോൾ അമ്മയ്ക്കായി പുതിയൊരു വീട് വാങ്ങാനുള്ള ഒരുക്കത്തിലാണ്.അവരത് അർഹിക്കുന്നുണ്ട്, എനിക്ക് അത്രയ്ക്ക് നന്ദിയുണ്ട് അമ്മയോട്- ബ്രണ്ടൻ ചിരിക്കുന്നു, കോടീശ്വരന്റെയല്ല, സാധാരണക്കാരന്റെ ചിരി.
തയാറാക്കിയത്: ഹരിപ്രസാദ്