തളിപ്പറമ്പ്: ഭ്രാന്തന്കുന്നോ, പ്രാന്തങ്കുന്നോ…തളിപ്പറമ്പ് കരിമ്പം പ്രദേശത്തെ ഒരു സ്ഥലനാമത്തിന്റെ പേരിൽ വിവാദം കനക്കുന്നു. സര്‍സയ്യിദ് കോളജ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തിന്റെ പേര് പതിറ്റാണ്ടുകളായി അറിയപ്പെടുന്നത് ഭ്രാന്തന്‍കുന്ന് എന്നാണ്.
കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയശാഖയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ സ്ഥലനാമം പ്രാന്തങ്കുന്ന് എന്നാക്കി മാറ്റി. ഇത് ശരിയല്ലെന്ന് വാദിച്ച് ഒരുവിഭാഗം നാട്ടുകാര്‍ കഴിഞ്ഞദിവസം ഇവിടെ ഭ്രാന്തന്‍കുന്ന് എന്ന ബോര്‍ഡ് സ്ഥാപിച്ചു.
മുമ്പ് പ്രദേശത്ത് ജീവിച്ചിരുന്ന നമ്പൂതിരി സമുദായത്തില്‍പ്പെട്ട പുരോഗമനവാദിയായ ഒരാളെ ഭ്രാന്തന് എന്ന് മുദ്രകുത്തിയെന്നും അദ്ദേഹം താമസിച്ചുവന്ന സ്ഥലത്തെ ഭ്രാന്തന്‍കുന്ന് എന്നു വിളിച്ചുവെന്നുമാണ് പഴമക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ രേഖകളിലും വില്ലേജ് രേഖകളിലും സ്ഥലനാമം ഭ്രാന്തന്‍കുന്ന് എന്ന് തന്നെയാണ് രേഖപ്പെടുത്തിയതെന്നും അതില്‍ മാറ്റം വരുത്താന്‍ ബാങ്ക് അധികൃതര്‍ക്ക് അധികാരമില്ലെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.