മാനന്തവാടി: ഉൗരുവിലക്കും ഭ്രഷ്ടും ഏർപ്പെടുത്തി മാനന്തവാടി എരുമത്തെരുവിലെ അരുണ്-സുകന്യ ദന്പതികളുടെ ജീവിതം ദുരിതത്തിലാക്കിയ സംഭവം കൂടുതൽ സങ്കീർണമാവുന്നു. ദന്പതികളെ സഹായിച്ചുവെന്നാരോപിച്ച് ഇരുവരുടെയും മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും കഴിഞ്ഞ ദിവസം സമുദായം ഭ്രഷ്ട് പ്രഖ്യാപിച്ചു.
ഇതേ തുടർന്ന് സുകന്യയുടെ പിതാവിന്റെ വീട്ടിൽ നിന്നും 95 വയസിലേറെ പ്രായമുള്ള അമ്മയെ സഹോദരങ്ങൾ ഇറക്കിക്കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ ദിവസം പ്രായമായ അമ്മയെ കാണാനെത്തിയ സുകന്യയുടെ മാതാവ് സുജാതയെ വീട്ടിൽ നിന്നിറക്കിവിട്ടു. സമുദായ ഭ്രഷ്ടായതിനാൽ അമ്മയെ സന്ദർശിക്കാൻ പാടില്ലെന്നും അമ്മ മരിച്ചാൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടുകാർ സുജാതയെ മടക്കിയയച്ചത്.
പരസ്യമായ ഉൗരുവിലക്കും ഭ്രഷ്ടും തങ്ങൾക്കെതിരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്വന്തം അമ്മയെ കാണാൻ പോലും അനുവദിക്കാത്ത വിധം സാമൂഹിക ഭ്രഷ്ടിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് സുജാത-ഗോവിന്ദരാജ് ദന്പതികൾ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാമൂഹിക നീതിവകുപ്പ് അന്വേഷിക്കുന്ന കേസിൽ എത്രയും പെട്ടെന്ന് നടപടികളുണ്ടാവണമെന്നും മാതാപിതാക്കൾക്കെതിരെ നടന്ന ഭ്രഷ്ടുൾപ്പെടെ അന്വേഷിക്കണമെന്നും ചൂണ്ടിക്കാണിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ഉൗരുവിലക്കിയതുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസ് 281/2017 എന്ന ക്രൈം നന്പറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ടി . മണിക്കെതിരേ കൂടുതൽ വകുപ്പുകൾ കൂടിച്ചേർത്ത് ഉത്തരവുണ്ടാകുവാനുള്ള അപേക്ഷ മാനന്തവാടി പോലീസ് മാനന്തവാടി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുന്പാകെ നൽകി. നിലവിൽ 506 (1), 509, 34 ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും അശ്ലീലച്ചുവയോടെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന 354 എ (1), (4) വകുപ്പുകൾ പ്രകാരമുള്ള കുറ്റം കൂട്ടിച്ചേർക്കുന്നതിനാണ് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
പരാതിക്കാരിയെയും കുടുംബത്തെയും അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്തിട്ടുള്ളതിനാൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റവും ചെയ്തിട്ടുള്ളതായി പോലീസ് നൽകിയ അപേക്ഷയിൽ പറയുന്നു. സംഭവത്തിൽ ആകെ ആറ് പ്രതികളാണുള്ളത്. നാലരവർഷക്കാലമായി അനുഭവിക്കുന്ന ഉൗരുവിലക്കിന്റെ വാർത്തകൾ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ട ശേഷവും തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതിനാൽ തന്നെ പ്രത്യക്ഷസമരങ്ങൾക്ക് തയാറെടുക്കുകയാണെന്നും അരുണും സുകന്യയും പറഞ്ഞു.