കെ. ഷിന്റുലാല്‍
കോഴിക്കോട് : ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തീവ്രവാദമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പ്രതികളെ അതിവേഗം കണ്ടെത്തുന്നതിനുമായി “ബ്രേക്ക് ദ ക്രൈം’ നടപ്പാക്കുന്നു.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്ദേശാനുസരണംസംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരുടെ ഏറ്റവും പുതിയ ഫോട്ടോ എടുത്ത് സൂക്ഷിച്ചാണ് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, കള്ളക്കടത്ത്, ക്വട്ടേഷന്‍ , ലഹരി കേസുകളില്‍ പുറത്തിറങ്ങുന്നവര്‍ വീണ്ടും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാനങ്ങള്‍ക്ക് തടവുപുള്ളികളുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയത്.
തുടര്‍ന്ന് പോലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും സഹായകമായ രീതിയില്‍ ഇ-പ്രിസണില്‍ വിവരങ്ങള്‍ സൂക്ഷിക്കാന്‍ ജയില്‍ ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു .
അപ്ഡേറ്റ് ചെയ്യണം
തടവുകാരെ ജയിലില്‍ പ്രവേശിക്കുമ്പോഴും ജാമ്യം, ഇടക്കാല ജാമ്യം, പരോള്‍, മോചനം എന്നിവയിലൂടെ പുറത്തിറങ്ങുന്ന തടവുകാരുടെ ആ സമയത്തുള്ള ഫോട്ടോ ഇ-പ്രിസണില്‍ അപ്ഡേറ്റ് ചെയ്യണം.
ഇതിന് പുറമേ തടവുകാരെ സംബന്ധിക്കുന്ന പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാനും ഇവ ഇ-പ്രിസണില്‍ ഉള്‍പ്പെടുത്താനും ഡിജിപി നിര്‍ദേശം നല്കി.
ജയിലില്‍ നിന്ന രക്ഷപ്പെടുന്നവരേയും പരോളിലും ജാമ്യത്തിലുമിറങ്ങി മുങ്ങുന്നവരേയും തിരികെ പിടികൂടുന്നതിന് സഹായകമരായ എല്ലാ വിവിരങ്ങളും ഇ-പ്രസണില് രേഖപ്പെടുത്തണം.
ഇതിന്റെ ഭാഗമായി എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കും ഇ-പ്രിസണ്‍ ഇന്‍ചാര്‍ജ്ജ്, സൂപ്പര്‍വൈസറി ഓഫീസര്‍മാര്‍ക്കും സാങ്കേതിക വിഭാഗം വഴി പ്രത്യേകം പരിശീലനം നല്‍കും.
സംസ്ഥാനത്ത് തടവുകാരുടെ കൃത്യമായ അപ്ഡേഷന് ഇല്ലാത്തതു കാരണം വിവരശേഖരണത്തിന് ബുദ്ധിമുട്ടുകളുണ്ടാവുന്നുണ്ട്.
ആയതിനാല്‍ ദിനം പ്രതിയുള്ള തടവുകാരുടെ വിവരങ്ങള്‍ കൃത്യമായി ഇ-പ്രിസണില്‍ രേഖപ്പെടുത്താനും ജയില്‍ സൂപ്രണ്ടുമാര്‍ക്കും സൂപ്പര്‍ വൈസറി ഓഫീസര്‍മാര്‍ക്കും ഡിജിപി നിര്‍ദേശം നല്കി.
105 തടവുകാർ
നേരത്തെ തന്നെ തടവുകാരുടെ വിവരങ്ങള്‍ ജയില്‍വകുപ്പ് സൂക്ഷിക്കുന്ന രീതിയുണ്ടെങ്കിലും ഏറ്റവും പുതിയ ഫോട്ടോകളുള്‍പ്പെടെ അപ്ഡേറ്റ് ചെയ്യുന്നത് ഏറെ പ്രയോജനകരമാവുമെന്ന് ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിഐജി എസ്.സന്തോഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ വിവിധ ജയിലുകളില്‍ നിന്നും 105 തടവുകാരാണ് രക്ഷപ്പെട്ടതെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. ഈ സംഭവങ്ങളില്‍ 85 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .
പവർ ഫെൻസിംഗ്
നിലവിലെ സാഹചര്യത്തില്‍ ജയിലുകളില്‍ മതിയായ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും ജയില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ജയില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആധുനിക സുരക്ഷാ സംവിധാനങ്ങളായ സിസിടിവി സിസ്റ്റം, വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പവര്‍ ഫെന്‍സിംഗ്, മെറ്റല്‍ ഡിറ്റക്ടര്‍ , ബാഗേജ് സ്കാനര്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആകെയുള്ള 55 ജയിലുകളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ , ഇരിങ്ങാലക്കുട സ്പെഷല്‍ സബ്ജയില്‍, പത്തനംതിട്ട ജില്ലാ ജയില്‍, എന്നിവ ഒഴികെയുള്ള 52 ജയിലുകളിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് ജയിലുകളില്‍ അത്യാധുനിക സംവിധാനം ഒരുക്കി വരികയാണ്.