ഉടമസ്ഥനെ സംരക്ഷിക്കാനായി നാലു മൂര്‍ഖന്‍ പാമ്പുകളുമായി പോരാടിച്ച് ജീവന് വെടിഞ്ഞ് വളര്‍ത്തുനായ. ഒഡീഷയിലെ ഗജപതി ജില്ലയിലെ സെബേകാപൂരിലാണ് സംഭവം. ദിബാകര്‍ റെയ്തയ്ക്കും കുടുംബത്തിനുമാണ് വീട്ടില്‍ വളര്‍ത്തിയ ഡോബര്മാന് ഇനത്തില്‍പ്പെട്ട നായ രക്ഷകനായത്.
മഴക്കാലത്ത് ഇവിടെ വിഷപ്പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് നായയുടെ കുര കേട്ട വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ടത് നാലു വിഷപ്പാമ്പുകളുമായി പോരടിച്ചുനില്‍ക്കുന്ന നായയെയാണ്. മലനിരകളില്‍ കണ്ടുവരുന്ന മൂര്‍ഖന്‍ പാമ്പുകളായിരുന്നു ഇവ. വീടിനുള്ളിലേക്കു കയറാനുള്ള പാമ്പുകളുടെ ശ്രമം തടഞ്ഞ നായ അവയെ കടിച്ചു കുടഞ്ഞു. ഇതിനിടെ നിരവധി തവണ നായയ്ക്കു പാമ്പിന്റെ കടിയേറ്റു. എന്നിട്ടും പിന്മാറാതെ പോരാടിയ നായ നാലു പാമ്പുകളെയും കൊന്നു. ഇതിനു തൊട്ടുപിന്നാലെ വിഷം ശരീരത്തില്‍ ചെന്നതിനെ തുടര്‍ന്ന് നായയും തളര്‍ന്നുവീണു.