കൊച്ചി: കോവിഡ് 19 രോഗബാധിതനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് പൗരന് ബ്രയാന്‍ നീല്‍ രോഗവിമുക്തനായി ആശുപത്രി വിട്ടു.
കഴിഞ്ഞ 15നാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് 57 കാരനായ ബ്രയാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു.
നാട്ടിലേക്കു മടങ്ങാനായി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാൻ അപ്പോള്‍. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു.
ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ എന്നിവ 14 ദിവസം നൽകി. വൈറല്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനിലായിരുന്നു ബ്രയാൻ. മരുന്നുകള്‍ നല്കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു.
ഏഴു ദിവസമായപ്പോള്‍ ന്യൂമോണിയയും പനിയും കുറഞ്ഞു. തുടർന്നു പരിശോധനാഫലവും നെഗറ്റീവായി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസമെടുക്കുകയും രക്തത്തില്‍ ഓക്സിജന്റെ അളവ് 97 ശതമാനമാവുകയും ചെയ്തു.
ഇതോടെയാണ് ആശുപത്രി വിട്ടത്. പൂര്‍ണ സമര്‍പ്പിതമായി തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിപറഞ്ഞു. ബ്രയാനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കോവിഡ് ഫലം നെഗറ്റീവ് ആയതിനാല്‍ നേരത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.