കൊച്ചി: കൊച്ചി നല്കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒബ്രിഗാദോ (നന്ദി) ചൊല്ലിപ്പിരിയാന്‍ മഞ്ഞപ്പട. കൊച്ചിയുടെ മണ്ണില്‍ ഒരു വിജയം കൂടി നേടി നോക്കൗട്ട് ഉറപ്പിക്കാന്‍ കാനറികള്‍ ഒരുങ്ങുന്നു. ആവേശത്തിനു തെല്ലു ശമനം നല്കിയ രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു വീണ്ടും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം പൂരപ്പറമ്പാകും. ആദ്യ മത്സരത്തില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ജയം സ്വന്തമാക്കിയ ടീം ആത്മവിശ്വാസത്തോടെയാണു രണ്ടാം മത്സരത്തിനായി ബൂട്ടണിയുന്നത്. ഇന്നു രാത്രി എട്ടിനു ഉത്തര കൊറിയയാണ് കാനറിക്കൂട്ടത്തിന്റെ ചിറകടിക്കു വെല്ലുവിളിയുമായെത്തുന്നത്.
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിറ്റാവോയും കൂട്ടരും
ഇന്ന് ഉത്തര കൊറിയന്‍ സംഘത്തെ മറിടന്നാല് ഭയാശങ്കകളില്ലാതെ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സാധിക്കും. ആദ്യ മത്സരത്തിലെ പ്രകടനം തുടര്‍ന്നാല്‍ എളുപ്പത്തില്‍ ഇതു സാധിക്കുകയും ചെയ്യും. അവസാന പോരാട്ടത്തില്‍ താരതമ്യേന ദുര്‍ബലരായ നൈജറാണു മഞ്ഞപ്പടയുടെ എതിരാളികള്‍.
ഗോവയില്‍ നടക്കുന്ന ആ മത്സരത്തിനു മുന്നോടിയായി ജയം നേടി ഗ്രൂപ്പ് കടമ്പ താണ്ടാന്‍ തന്നെയാകും വിറ്റാവോയുടെയും കൂട്ടരുടെ ശ്രമം. എന്നാല്‍, കൊറിയയ്ക്കു ജീവന്മരണ പോരാട്ടമാണ് ഇന്ന്. തോറ്റാല്‍ ഭാവിതന്നെ തുലാസിലാകുമെന്നു പൂര്‍ണ ബോധ്യമുള്ള ഏഷ്യന്‍ ശക്തികള്‍ എല്ലാം മറന്നള്ള പോരാട്ടത്തിനാകും കച്ചകെട്ടുക. ലോകകപ്പിലെ അരങ്ങേറ്റക്കാരായ നൈജറിനോടു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത് കൊറിയന്‍ പടയുടെ മുന്നോട്ടുള്ള പ്രയാണത്തിനു വലിയ തിരിച്ചടിയാണു നല്‍കിയിരിക്കുന്നത്.
ആദ്യ മത്സരത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ട്
ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ടാകും ഇരു ടീമും ഇന്നു പോരിനിറങ്ങുക. ആയുധങ്ങള്‍ തേച്ചു മിനുക്കി മെച്ചപ്പെട്ട രീതിയില്‍ കളിക്കാനുള്ള ശ്രമങ്ങള്‍ രണ്ടു സംഘങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നുറപ്പ്. ഇന്നലെ അവസാനവട്ട പരിശീലനത്തിനിറങ്ങിയ ടീമുകളുടെ ശരീര ഭാഷയിലും പരിശീലന ശൈലിയിലുംനിന്ന് ഇതു വ്യക്തവുമാണ്. സ്പെയിനെതിരേയുള്ള പോരാട്ടത്തില്‍ ആദ്യ മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ബ്രസീല്‍ പ്രതിരോധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.
ശ്രദ്ധിക്കാം ഇവരെ
അധികമൊന്നും പ്രശസ്തരല്ലെങ്കിലും ആദ്യ കളി കഴിഞ്ഞതോടെ താരങ്ങളുടെ പേരുകള്‍ ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. റൊബീഞ്ഞോയുടെ തനിപ്പകര്‍പ്പായി മികച്ച പ്രകടനം കാഴ്ചവച്ച ലിങ്കന്റെ ബൂട്ട് ഇന്നും വലനിറയ്ക്കുമെന്നു ബ്രസീല്‍ സംഘം പ്രതീക്ഷിക്കുന്നു. വിനീഷ്യസ് ജൂണിയറിന്റെ അഭാവം അപ്രസക്തമാക്കാന് ലിങ്കന്റെ ചടുലമായ മുന്നേറ്റങ്ങള്‍ കൊണ്ടു സാധിച്ചു. ഒപ്പം പൗളീഞ്ഞോയുടെയും മധ്യ നിരയിലെ അലന്റെയും പ്രകടനങ്ങള്‍ ബ്രസീലിനു കുതിപ്പാകുന്നുണ്ട്. കൊറിയിന്‍ നിരയില്‍ കിം പോം യോക്കിന്റെ പ്രകടനവും നിര്‍ണായകമാകും.
ചരിത്രം രചിക്കാന്‍ നൈജര്‍
കൊച്ചി: അണ്ടര്‍ 17 ലോകകപ്പില്‍ അഞ്ചു കിരീടങ്ങള്‍ നേടി ചരിത്രം സൃഷ്ടിച്ച നൈജീരിയയെ തകര്‍ത്ത് ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ സംഘം നൈജര്‍ ഇപ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഉത്തര കൊറിയയെ ആദ്യ കളിയില്‍ തോല്‍പ്പിച്ചതോടെ ഇന്നു വിജയം കണ്ടാല്‍ നൈജറിനു പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും.
കരുത്തരായ സ്പെയിനെതിരേയാണു പോരാട്ടമെന്നതു ഓറഞ്ചുപടയ്ക്കു വെല്ലുവിളിയേറ്റുന്നുണ്ട്. ബ്രസീലിനെതിരേ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയമേറ്റു വാങ്ങിയ സ്പാനിഷ് സംഘത്തിന് വിജയം നേടാനായില്ലെങ്കില്‍ കന്നി ലോകകപ്പ് എന്ന അവരുടെ സ്വപ്നം പിന്നെയും നീളും.
അവിശ്വസനീയം നൈജര്‍
കന്നി ലോകകപ്പിനെത്തിയ നൈജറിന്റെ ആദ്യ പോരാട്ടത്തിലെ വിജയത്തെ അവിശ്വസനീയമെന്നു മാത്രമേ വിലയിരുത്താനാകൂ. ഏഷ്യന്‍ ശക്തികളായ ഉത്തര കൊറിയയെ 59-ാം മിനിറ്റില്‍ നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് അവര്‍ മറികടന്നത്. ഇതോടെ അരങ്ങേറ്റ ലോകകപ്പില്‍ പ്രതീക്ഷിക്കാത്ത പലതും ആഫ്രിക്കന്‍ പട സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. മികച്ച പ്രകടനം എന്നു പറയാനാവില്ലെങ്കിലും സമസ്ത മേഖലകളിലും കൊറിയയെ പിന്നിലാക്കിത്തന്നെയാണു നൈജര്‍ വിജയം സ്വന്തമാക്കിയത്. 24 തവണ കൊറിയന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി നൈജര്‍ താരങ്ങള്‍ പന്തു തൊടുത്തു.
സ്പെയിനു വിജയം നേടിയേ തീരൂ
ബ്രസീലിന്റെ ഉജ്വല പ്രകടനത്തിനു മുന്നില്‍ ആദ്യ മത്സരത്തില്‍ നിഴലിലായിപ്പോയ സ്പാനിഷ് സംഘം വന്‍ വിജയം സ്വന്തമാക്കിയുള്ള ഉയിര്‍പ്പാണു ലക്ഷ്യമിടന്നത്. മഞ്ഞപ്പടയ്ക്കെതിരേ ആദ്യ പത്തു മിനിറ്റും രണ്ടാം പകുതിയില്‍ ഭൂരിഭാഗ നേരവും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടും ഗോള്‍ നേടാന്‍ ഉതകുന്ന മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതു സ്പെയിന് കോച്ച് സാന്റിയാഗോ ഡിനിയക്കു തലവേദനയാകുന്നുണ്ട്.
മധ്യനിരയില്‍ കളി മെനയുന്നതില്‍ പരാജയപ്പെട്ടതാണു സ്പാനിഷ് സംഘത്തെ ആദ്യ കളിയില്‍ പിന്നോട്ടടിച്ചത്. പന്തു ലഭിക്കാഞ്ഞതോടെ മുന്‍നിരയില്‍ നായകന് ആബല്‍ റൂയിസിനും സംഘത്തിനും മുന്നേറാന്‍ സാധിച്ചുമില്ല. എല്ലാ മേഖലകളിലും മെച്ചപ്പെടാനുണ്ടെന്ന സ്പാനിഷ് പരിശീലകന്റെ വാക്കുളില്നിന്നു ടീമിന്റെ അവസ്ഥയെപ്പറ്റി ഏകദേശ ചിത്രവും വ്യക്തമായി.