റ ഷ്യൻ ലോകകപ്പ് ഫുട്ബോൾ പോരാട്ട ത്തിനായി ആരാധകരുടെ ഇഷ്ടടീമു കളായ ബ്രസീലും അർജന്റീനയും തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇരുകൂട്ടരും ലോകകപ്പിനുള്ള 23 അംഗ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു.
ഫിഫയ്ക്ക് 23 അംഗ അന്ത്യമ ടീം ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ജൂണ് നാലാണ്. അർജന്റീന ആദ്യം പ്രഖ്യാപിച്ച 35 കളിക്കാരെ 23 ആയി ചുരുക്കി. ബ്രസീലിന്റെ പരിശീലകൻ ടിറ്റെ 23 കളിക്കാരെ നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു. അന്തിമ ലിസ്റ്റിലുള്ള കളിക്കാർക്ക് ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ പറ്റാത്തവിധത്തിൽ ഗുരുതര പരിക്കേറ്റാൽ ഓരോ ടീമിനും അവരുടെ ആദ്യ മത്സരത്തിന് 24 മണിക്കൂർ മുന്പ് പകരക്കാരെ എടുക്കാവുന്നതാണ്. ലോകകപ്പ് നേടുമെന്ന് സാധ്യത കൽപ്പിക്കപ്പെടുന്ന, മലയാളക്കരയിൽ ഏറ്റവും അധികം ആരാധകരുള്ള ബ്രസീലിനും അർജന്റീനയ്ക്കും ലോകകപ്പിനു മുന്പേ ചില രഹസ്യ സ്വഭാവുമുണ്ട്.
റിസർവ് ബെഞ്ചിൽ ബ്രസീലിന്റെ രഹസ്യം
നേരെതന്നെ 23 കളിക്കാരെ പ്രഖ്യാപിച്ച ടിറ്റെ ഇതുവരെ 12 പേരുടെ റിസർവ് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. ഈ ലിസ്റ്റിൽനിന്നാണ് പകരക്കാരെ എടുക്കുന്നത്. ഇവർ ആരെല്ലാമാണെന്നു ടിറ്റെ അറിയിച്ചിട്ടില്ല. ഇവരുടെ പേര് പുറത്തുപറയാത്തതിനു കാരണമെന്തെന്ന് അറിവായിട്ടില്ല. ഒന്നു രണ്ടു പേരുകൾ പുറത്തുവരുന്നുണ്ടെങ്കിലും അതിലും ഉറപ്പില്ല. ഇരുവരുടെ പേര് പുറത്തുവിടാതെ, ആൾക്കാരെ അറിയിക്കാതെ നിഗൂഢമായൊരു നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ലോകകപ്പിനിനായി മാസങ്ങൾക്കുമന്പേയുള്ള സന്നാഹങ്ങൾക്കായി പ്രഖ്യാപിച്ച 35 കളിക്കാർ ക്ലബ് മത്സരങ്ങൾ നിർത്തേണ്ടത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. എന്നാൽ, ചില കളിക്കാർക്ക് മാത്രം ഒഴിവുണ്ട്. കോപ്പ ലിബർട്ടഡോസിന്റെ ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്. വ്യാഴാഴ്ച ഗ്രൂപ്പ് മത്സരം അവസാനിക്കും. അപ്പോൾ ആ ടീമുകളിലുള്ള, ലോകകപ്പ് ടീമിൽ ഉൾപ്പെട്ട കളിക്കാർക്ക് മത്സരങ്ങൾക്ക് ഇറങ്ങാവുന്നതാണ്.
യൂറോപ്പിലെ ഫുട്ബോൾ ലീഗുകൾ അവസാനിച്ചെങ്കിലും ബ്രസീലിലെ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ഏപ്രിൽ 14ന് ആരംഭിച്ചതേയുള്ളൂ. ലോകകപ്പിന്റെ സമയത്ത് ബ്രസീലിൽ ലീഗ് മത്സരങ്ങൾ നടക്കുകയായിരിക്കും. ഇതുവരെ പകരക്കാരെ നിശ്ചയിക്കാത്തതിനാൽ ആവശ്യമെങ്കിൽ ലോകകപ്പിൽ പങ്കെടുക്കാൻ റഷ്യയിലേക്കു പോകാൻ താരങ്ങൾക്കു മതിയായ വിശ്രമം ലഭിക്കാത്ത അവസ്ഥയുണ്ടാകും.
സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരെ ക്ലബ് മത്സരങ്ങളിൽ കളിപ്പിക്കുന്നതിന് ഫിഫ വെള്ളിയാഴ്ച അനുമതി നൽകിയതായി ബ്രസീൽ ഫുട്ബോൾ അസോസിയേഷനും അറിയിച്ചിട്ടുണ്ട്.
പാൽമെറീസിന്റെ വിംഗർ ഡുഡുവിനെ കഴിഞ്ഞയാഴ്ച നടന്ന മത്സരത്തിൽനിന്നു മാറ്റിയിരുന്നു. ഇതോടെ ഈ താരത്തിന്റെ പേര് സ്റ്റാൻഡ് ബൈ ലിസ്റ്റിലുണ്ടെന്നുറപ്പായി. തുടർന്ന് ബ്രസീലിലെ പ്രാദേശിക മാധ്യമങ്ങൾ ആഴ്ചവയവസാനത്തെ മത്സരങ്ങളിൽ ഇറങ്ങാത്ത കളിക്കാർ ആരെല്ലാമാണെന്ന് അന്വേഷണം ആരംഭിച്ചു. റിയോ ഡി ഷാനെറോയുടെ പുറത്തുള്ള മലന്പ്രദേശത്ത് പരിശീലന ക്യാന്പ് നടത്തുന്ന ബ്രസീലിയൻ ലോകകപ്പ് സംഘത്തിൽനിന്ന് കൂടുതൽ വാർത്തകളൊന്നും വരുന്നില്ല.
അർജന്റീനയുടെ ഗോളി ആരാകും?
ഗോൾകീപ്പറുടെ പ്രശ്നം വന്നതോടെ അർജന്റീനയുടെ ലോകകപ്പ് ക്യാന്പ് കൂടുതൽ ഗൗരവകരമായിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച അർജന്റൈൻ പരിശീലകൻ ഹൊർഹെ സാംപോളി 23 അംഗ കളിക്കാരെ പ്രഖ്യാപിക്കുന്പോൾ അതിൽ സെർജിയോ റൊമേരോ ഒന്നാം നന്പർ ഗോളിയായിരുന്നു. റൊമേരോയ്ക്ക് പരിക്കേറ്റതാണ് ഇപ്പോഴത്തെ പ്രശ്നം.
റൊമേരോയ്ക്കൊപ്പം വില്ലി കാബാലെറോ, ഫ്രാങ്കോ അർമാനി എന്നിവരും കീപ്പർമാരുടെ ലിസ്റ്റിലുണ്ടായിരുന്നു. റൊമേരോ അർജന്റീനയ്ക്കുവേണ്ടി കൂടുതൽ മത്സരം കളിച്ച ഗോൾകീപ്പറാണ്. ഒരു പതിറ്റാണ്ടോളമായി ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പറാണ് അർജന്റീനയുടെ വലകാക്കുന്നത്. അർമാനിക്ക് ആദ്യമായാണ് ടീമിലേക്കു വിളിയെത്തുന്നത്. ഈ വർഷം കൊളംബിയയിൽനിന്നു റിവർപ്ലേറ്റിലെത്തിയ അർമാനി മികച്ച ഫോമിലായിരുന്നു. മുതിർന്ന താരം കാബലെറോ കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ദേശീയ ടീമിനുവേണ്ടി വലകാത്തത്.
ഈ മൂന്നു പേരും 23 അംഗ പട്ടികയിൽ ഉൾപ്പെട്ടതോടെ നാഹുൽ ഗുസ്മാൻ പുറത്തായി. കഴിഞ്ഞ രണ്ടു വർഷമായി ഗുസ്മാൻ ടീമിന്റെ ബാക്അപ്പ് കീപ്പറാണ്. ഇതോടെ ഗുസ്മാന് അവസരം നൽകാത്തതിനെ വിമർശിച്ച് ആളുകൾ രംഗത്തെത്തി. ദേശീയ ടീമിൽ കളിച്ചപ്പോളെല്ലാം ഗുസ്മാന്റെ പ്രകടനം മികച്ചതായിരുന്നു.
ഗുസ്മാനെ ലോകകപ്പ് ടീമിൽ വിളിക്കാത്തത്തിൽ പ്രതിഷേധിച്ച് താരത്തിന്റെ അച്ഛൻ സാംപോളിയെ ചിലിയുടെ കുപ്പായത്തിൽ നിൽക്കുന്നതരത്തിൽ കാരിക്കേച്ചർ വരച്ചു. 2013 മുതൽ 2016 വരെ സാംപോളി ചിലിയുടെ പരിശീലകനായിരുന്നു.
എന്നാൽ, അർജന്റീനയുടെ തയാറെടുപ്പുകൾക്ക് ആഘാതമേൽപ്പിച്ചുകൊണ്ട് റൊമേരോയ്ക്കു പരിക്കേറ്റു. ടീമിനൊപ്പമുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. പകരക്കാരനായി ഗുസ്മാൻ എത്തി!
ഇതോടെ പല ചോദ്യങ്ങൾ ഉയർന്നു. റൊമേരോയെ മാറ്റുകയായിരുന്നോ? റൊമേരോയുടെ പരിക്ക് ലോകകപ്പിൽ പങ്കെടുക്കാൻ പറ്റാത്തവിധം ഗുരുതരമായിരുന്നോ? താരത്തിന്റെ ഭാര്യ പറഞ്ഞത് അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമായിരുന്നില്ല, രണ്ട് മൂന്ന് ആഴ്ചകൊണ്ട് ഭേദമാകാനുള്ളതേ ഉണ്ടായിരുന്നുള്ളൂ എന്നാണ്.
റൊമേരോയുടെ പുറത്താകൽ ഉറപ്പാണോയെന്നറിയാൻ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം നടക്കുന്നതിന് 24 മണിക്കൂർ മുന്പു വരെ കാത്തിരിക്കണം. 16ന് അർജന്റീന ഐസ്ലൻഡിനെതിരേ ഇറങ്ങും.
ആരോഗ്യവാനായി എത്തിയാലും സാംപോളിയുടെ ആദ്യ ചോയിസ് റൊമേരോയാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഈ സീസണിൽ കൂടുതലും റൊമേരോ ബെഞ്ചിലായിരുന്നു. സീസണിൽ മികച്ച ഫോമിലായിരുന്ന അർമാനിക്ക് റഷ്യയിൽ അവസരം ലഭിച്ചേക്കാം. കൊളംബിയൻ യുവതിയെ വിവാഹം കഴിച്ച അർമാനി ആ രാജ്യത്തിന്റെ പൗരത്വത്തിനായി അപേക്ഷ നൽകിയിരുന്നു. പൗരത്വം അംഗീകരിക്കാൻ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ, ജന്മദേശത്തിന്റെ ലോകകപ്പ് ടീമിലേക്ക് വിളിവന്നതോടെ അർമാനി കൊളംബിയ വേണ്ടെന്നുവയ്ക്കുകയായിരുന്നു.