കൊച്ചി: നെഞ്ചുരികി പ്രാര്‍ഥിച്ച മലയാളികളുടെ ആഗ്രഹ സാഫില്യത്തിന്റെ പൂര്‍ത്തീകരണം നാളെ കലൂര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. ഡി ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞു ഗോവയിലേക്കു ബ്രസീല്‍ മടങ്ങിയപ്പോള്‍ കേരളക്കര ഒന്നായി പ്രാര്‍ഥിച്ചിരുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി ബ്രസീല്‍ ഇവിടേക്കു വീണ്ടും വരണമേയെന്ന്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല് മാത്രമേ മഞ്ഞപ്പടയ്ക്കു കൊച്ചിയില്‍ പ്രീ -ക്വാര്‍ട്ടര്‍ കളിക്കാന്‍ അവസരം ലഭിക്കുമായിരുന്നുള്ളൂ.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കെട്ടുക്കെട്ടിച്ചതോടെ ഗോവയില്‍നിന്നു വിറ്റാവോയും സംഘവും കൊച്ചിക്കു വീണ്ടും ടിക്കറ്റെടുത്തു. ഇവിടെ മിന്നും വിജയം സ്വന്തമാക്കി കേരളക്കരയുടെ സ്നേഹം വീണ്ടും നുകര്‍ന്നുള്ള മടക്കമാണു മഞ്ഞപ്പട ആഗ്രഹിക്കുന്നത്. അട്ടിമറി ശക്തികളെന്നു വിളിപ്പേരുള്ള ഹോണ്ടുറാസാണു ബ്രസീലിന്റെ എതിരാളികള്‍. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു വരില്ലെന്നു കാര്‍ലോസ് അമേദ്യൂവിനു നിശ്ചയമുണ്ട്. ഇന്നു രാത്രി എട്ടിനു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് ബ്രസീല്‍-ഹോണ്ടുറാസ് മത്സരം.
ഒന്നാമനും മൂന്നാമനും
ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായാണു ബ്രസീല്‍ പ്രീക്വാര്‍ട്ടറിനു യോഗ്യത നേടിയത്. എന്നാല്‍, വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായി ഹോണ്ടുറാസ് കടന്നു കൂടുകയായിരുന്നു.
തീര്‍ത്തും മോശമായ തുടക്കമായിരുന്നു ഹോണ്ടുറാസിന് ഇന്ത്യയില്‍ ലഭിച്ചത്. ഏഷ്യന്‍ കരുത്തരായ ജപ്പാന്റെ പ്രഭാവത്തിനു മുന്നില്‍ കളി മറന്ന അവര്‍ ഏറ്റുവാങ്ങിയത് ഒന്നിനെതിരേ ആറു ഗോളുകളുടെ തോല്‍വി. എന്നാല്‍, അടുത്ത മത്സരത്തില്‍ തോല്‍വിയുടെ പ്രതികാരം സെന്‍ട്രല്‍ അമേരിക്കന്‍ ശക്തികള്‍ തീര്‍ത്തതു കുഞ്ഞന്മാരായ ന്യൂ കാലിഡോണിയയിലാണ്.
അരങ്ങേറ്റ ലോകകപ്പിനെത്തിയ ന്യൂകാലിഡോണിയയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണു ഹോണ്ടുറാസ് തകര്‍ത്തു കളഞ്ഞത്. പക്ഷേ, വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസവുമായി അവസാന മത്സരത്തിനിറങ്ങിയ അവര്‍ക്കു പിന്നെയും അടിപതറി. യൂറോപ്യന്‍ ശക്തികളായ ഫ്രാന്‍സ് ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു ഹോണ്ടുറാസിനെ പരാജയപ്പെടുത്തി.
അതേസമയം, കടലാസിലെ കരുത്തു കളിക്കളത്തില്‍ പ്രദര്‍ശിപ്പിച്ചാണു ബ്രസീലിന്റെ മുന്നോട്ടുള്ള യാത്ര. ആദ്യ മത്സരത്തില്‍ സ്പാനിഷ് പടയ്ക്കെതിരേ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വിജയം നേടിയാണു മഞ്ഞപ്പട ലോകകപ്പ് ആരംഭിച്ചത്.
ഇതിനു ശേഷം പ്രതിരോധക്കോട്ട കെട്ടിയ ഉത്തര കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ നൈജറിനെയും അതേ മാര്‍ജിനില്‍ പിന്നിലാക്കി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിനു യോഗ്യത നേടി.
ഇവരെ ശ്രദ്ധിക്കാം
മൂന്നു കളികളിലും ഓരോ ഗോള്‍ വീതം നേടിയ ലിങ്കണാണു മഞ്ഞപ്പടയുടെ തുറുപ്പു ചീട്ട്. ആദ്യ രണ്ടു കളികളില്‍ ഗോള്‍ നേടി പൗളീഞ്ഞോയും മികച്ച ഫോമിലാണ്. ബ്രെന്നറും ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ബ്രസീല്‍ മുന്നേറ്റം കരുത്തുറ്റതാകുന്നു. മധ്യ നിരയില്‍ അലനും കൂട്ടരും കളി നിയന്ത്രിക്കുമ്പോള്‍ ഹോണ്ടുറാസ് ഗോള്‍ കീപ്പര്‍ക്കു പണി കൂടും. ഹോണ്ടുറാസ് നിരയില്‍ മൂന്നു കളികള്നിന്നു അത്രയും ഗോളുകള്‍ അടിച്ച കാര്‍ലോസ് മോഹിയ പ്രതീക്ഷകളുടെ ബാറ്റണ്‍ ഏന്തുന്നു.
ബിബിൻ ബാബു