സംപൗളോ: ലാറ്റിനമേരിക്കൻ മേഖല ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ഉജ്വല ജയം. പരാഗ്വെയെ എതിരില്ലാത്ത മൂന്നു ഗോളിന് കാനറി പട കെട്ടുക്കെട്ടിച്ചു. ഫിലിപ്പി കുട്ടിഞ്ഞോ (35), നെയ്മർ(64), മഴ്സെലോ(86) എന്നിവരാണ് ഗോൾ നേടിയത്. ടിറ്റെയുടെ കീഴിൽ ബ്രസീലിന്റെ തുടർച്ചയായ എട്ടാം ജയമാണ്.
തകർപ്പൻ ജയം നേടിയ ബ്രസീൽ കോംബോൾ പട്ടികയിൽ 33 പോയിന്റുമായി ലീഡ് ഉയർത്തി.14 കളികളിൽ 24 പോയിന്റുള്ള കൊളംബിയ രണ്ടാമതാണ്. ബൊളീവിയക്കെതിരേ തോൽവി വഴങ്ങിയ അർജന്റീന 22 പോയിന്റുമായി അഞ്ചാമതാണ്.
സ്വന്തം ആരാധകരുടെ മുന്നിൽ കളിച്ച ബ്രസീൽ തുടക്കം മുതലേ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതിന്റെ ഫലമായി 35-ാം മിനിറ്റിൽ ആദ്യ ഗോൾ എത്തി. പൗളിഞ്ഞോയുടെ പാസിൽ നിന്ന് കുട്ടിഞ്ഞോ വലകുലുക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് ഉയർത്താനുള്ള അവസരം നെയ്മർ കളഞ്ഞുകുളിച്ചു.
പരാഗ്വെയുടെ റോഡിഗ്രോ റോജസിന്റെ ഫൗളിന് ബ്രസീലിന് ലഭിച്ച പെനാൽറ്റി നെയ്മർ നഷ്ടമാക്കി. എന്നാൽ 64-ാം മിനിറ്റിൽ ഗോൾ നേടി നെയ്മറും പിന്നാലെ മഴ്സെലോയും വലകുലുക്കിയതോടെ ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കി.