അബുദാബി: ബ്രസീല്‍ വിജയവഴിയില്‍ തിരിച്ചെത്തി. കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്മാരായതിനു പിന്നാലെ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ ജയമില്ലാതെ നീങ്ങിയശേഷമാണ് ബ്രസീലിന്റെ മഞ്ഞപ്പടയുടെ വിജയം. ടീമിലേക്കു തിരിച്ചുവിളി ലഭിച്ച ഫിലിപ്പെ കുടിഞ്ഞോയുടെ ദക്ഷിണ കൊറിയയ്ക്കെതിരേയുള്ള സൗഹൃദ മത്സരത്തില്‍ തിളങ്ങി. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രസീലിന്റെ ജയം.
അബുദാബിയിലെ മുഹമ്മദ് ബിന്‍ സയിദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഒമ്പതാം മിനിറ്റില്‍ ബ്രസീലിനെ ലുകാസ് പാക്വെറ്റ ഹെഡറിലൂടെ മുന്നിലെത്തിച്ചു. ഇടതുപാര്‍ശ്വത്തില്‍ കുടിഞ്ഞോയും റെനാന്‍ ലോഡിയും നടത്തിയ ഗംഭീര നീക്കമാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
ആദ്യ പകുതി തീരാന്‍ ഒമ്പത് മിനിറ്റുള്ളപ്പോള്‍ കുടിഞ്ഞോ ബ്രസീലിന്റെ ലീഡ് 2-0 ആക്കി. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പകരക്കാരുടെ ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിന്റെ ക്ഷീണം ആദ്യ പതിനൊന്നില്‍ ഇടംപിടിച്ച കുടിഞ്ഞോ തീര്‍ത്തു.
20 മീറ്റര്‍ പുറത്തുനിന്നെടുത്ത തകര്‍പ്പന്‍ ഫ്രീകിക്ക് വളഞ്ഞ് വലയ്ക്കുള്ളില്‍ കയറുകയായിരുന്നു. 60-ാം മിനിറ്റില്‍ ഡാനിലോ ബ്രസീലിന്റെ ഗോള്‍ പട്ടിക മൂന്നാക്കി. താരത്തിന്റെ ആദ്യ അന്താരാഷ് ട്ര ഗോളാണ്. കൊറിയ മോശം പ്രകടനമാണ് തുടരുന്നത്. ഏഷ്യന്‍ ടീം ഗോള്‍ നേടാത്ത മൂന്നാമത്തെ മത്സരമാണിത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുമ്പുള്ള ബ്രസീലിന്റെ അവസാനത്തെ സൗഹൃദ മത്സരമായിരുന്നു.മറ്റ് സൗഹൃദ മത്സരങ്ങളില്‍ വെനസ്വേല 4-1ന് ജപ്പാനെയും ക്രൊയേഷ്യ 2-1ന് ജോര്‍ജിയയെയും കൊളംബിയ 1-0ന് ഇക്വഡോറിനെയും പരാജയപ്പെടുത്തി.