ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സയെ സമനിലയിൽ കുരുക്കി ലാസ് പാമാസ്. ഒന്നടിച്ച ബാഴ്സയെ തിരിച്ചടിച്ചാണ് ലാസ് പാമാസ് പിടിച്ചുകെട്ടിയത്. മെസിയുടെ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ബാഴ്സയെ പെനാൽറ്റിയിലൂടെ ജൊനാഥൻ സലേരിയാണ് സമനിലയിൽ കുരുക്കിയത്.
മൈതാന മധ്യത്തിൽ ചെറുപാസുകളുമായി കളംവാഴുന്ന ബാഴ്സയെ അനങ്ങാൻ അനുവദിക്കാതെ പറന്നുകളിച്ച ലാസ് പാമാസ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. റാകിട്ടിച്ച്, ഡെംബാലെ, കുട്ടിനോ, പീക്വെ എന്നിവരെ സൈഡ് ബഞ്ചിലിരുത്തി മെസിയേയും സുവാരസിനെയും മുൻനിർത്തി ആക്രമണം മെനഞ്ഞ ബാഴ്സയെ പാമാസ് സമർദമായി പൂട്ടിയിട്ടു.
കളിയുടെ അവസാന നിമിഷങ്ങളിൽ ഡെംബാലെയെയും കുട്ടിനോയെയും ഇറക്കിയെങ്കിലും സ്കോറിൽ മാറ്റമുണ്ടാക്കാനായില്ല. ആദ്യ പകുതിയുടെ 21 ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോൾ. സീസണിൽ 23 ഗോൾ നേടിയ ലയണൽ മെസി ഇതോടെ ലീഗിലെ ടോപ് സ്കോറർ ആയി.
ഒരു ഗോൾ കടവുമായി രണ്ടാം പകുതി ആരംഭിച്ച പാമാസിന് 48 ാം മിനിറ്റിൽ ആഗ്രഹിച്ച ബ്രേക്ക്ത്രൂ ലഭിച്ചു. സെർജിയോ റോബോർട്ടോ ബോക്സിൽ മത്യാസിനെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. വീണുകിട്ടയ അവസരം ജൊനാഥൻ സലേരി കൃത്യമായി മുതലാക്കി. അവസാന നിമിഷം വിജയത്തിനായി ബാഴ്സ ആഞ്ഞുപൊരുതിയെങ്കിലും ലാസ് പാമാസ് പ്രതിരോധം പാറപോലെ ഉറച്ചുനിന്നു.