റാന്കാഗ്വ: ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോള്‍ കിരീടം ബ്രസീലിന്. ഗ്രൂപ്പ് പോരാട്ടത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ചിലിയെ എതിരില്ലാത്ത അഞ്ചു ഗോളിനു തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം നേടിയത്. ബ്രസീലിന്റെ 12-ാം ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 കിരീടമാണ്.
രണ്ടു ഗ്രൂപ്പ് തിരിച്ചുള്ള ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ അവസാന ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടിയത്. ബ്രസീലിനൊപ്പം ആ ഗ്രൂപ്പില്‍നിന്ന് പരാഗ്വെ, വെനസ്വേല ടീമുകളുമെത്തി. ആതിഥേയരായ ചിലി ഉള്‍പ്പെട്ട ഗ്രൂപ്പ് എയില്‍ ചിലി ഒന്നാംസ്ഥാത്തും കൊളംബിയയും ഇക്വഡോറും രണ്ടു മൂന്നും സ്ഥാന്ങ്ങളിലുമെത്തി.
അഞ്ചു കളിയില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് ബ്രസീല്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായത്. ചിലി രണ്ടും പരാഗ്വെ മൂന്നും കൊളംബിയ നാലും സ്ഥാനങ്ങളിലെത്തി. ഇതോടെ അണ്ടര്‍ 17 ലോകകപ്പിനു നാലു ടീമും യോഗ്യത നേടുകയും ചെയ്തു. എന്നാല്‍ അര്‍ജന്റീനയുടെ കൗമാരസംഘത്തിന് അവസാന ഘട്ടത്തില്‍ പോലും എത്താനായിരുന്നില്ല. അവസാന മത്സരത്തില്‍ അലന് സുസയുടെ ഹാട്രിക്കിനൊപ്പം പൗളിഞ്ഞോ, ലിങ്കന് എന്നിവരും ഗോള്‍ നേടി.
ടൂര്‍ണമെന്റിലാകെ ഏഴു ഗോള്‍ നേടിയ ബ്രസീലിന്റെ വിനിസിയസ് ജൂണിയര്‍ ഒന്നാം സ്ഥാനത്തും അഞ്ചു ഗോളുമായി ബ്രസീലിന്റെ തന്നെ ലിങ്കണ് രണ്ടാമതുമെത്തി. 24 ടീമുകളാണ് ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ -17 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ഏഷ്യ, ഓഷ്യാന, ദക്ഷിണ അമേരിക്ക മേഖലകളില്‍നിന്നു പങ്കെടുക്കുന്നവര്‍ ആരെല്ലാമാണെന്ന് വ്യക്തമായി. ഏഷ്യയില്‍നിന്ന് ഇറാന്, ഇറാക്ക്്, ജപ്പാന്, ദക്ഷിണ കൊറിയ യോഗ്യത നേടി.
ഇന്ത്യ ആതിഥേയരെന്ന നിലയിലും യോഗ്യത നേടി. ഓഷ്യാനയില്‍നിന്ന് ന്യൂ കാലെഡോണിയ, ന്യൂസിലന്‍ഡ് എന്നിവരും യോഗ്യത നേടി. മേയ് 28ന് പൂര്‍ത്തിയാക്കുന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് അവസാനിക്കുമ്പോഴേ ആഫ്രിക്കയില്‍നിന്നുള്ള ടീമുകളുടെ ചിത്രം വ്യക്തമാകൂ. കോണ്‍കാകാഫില്‍ മേയ് ഏഴോടെയേ കാര്യങ്ങള്‍ വ്യക്തമാകൂ. ഏപ്രില്‍ 21നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. യൂറോപ്പില്‍നിന്നുള്ള അഞ്ചു ടീമുകള്‍ ആരെല്ലാമെന്നറിയാന് മേയ് മൂന്നിനു തുടങ്ങി 19ന് സമാപിക്കുന്ന യൂറോപ്യന്‍ അണ്ടര്‍ -17 മത്സരം കഴിയണം.