ലോകരാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദഫലമായി ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതിന് സൈന്യത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനം. തീയണയ്ക്കാന്‍ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. തീ അണക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധമടക്കമുളള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ ബ്രസീലിന് താക്കീത് നല്‍കിയിരുന്നു.
ബ്രസീലുമായുളള വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ഫ്രാന്‍സും, ഇറക്കുമതികള്‍ റദ്ദാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ അയക്കുന്നത്. ആദ്യഘട്ടത്തില്‍ 700 സൈനികരാണ് പോകുന്നതെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ആമസോണ്‍ വനാന്തരങ്ങളുടെ 60ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്.
നിലവില്‍ ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നിയന്ത്രിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000ലിറ്റര്‍ വെളളം ഉള്‍ക്കൊളളാന്‍ കഴിയുന്ന സൂപ്പര്‍ ടാങ്കര്‍ വിമാനപയോഗിച്ച് ബൊളീവിയില്‍ തീ അണയ്ക്കാനുളള ശ്രമവും നടക്കുന്നുണ്ട്.