അങ്ങനെയങ്ങ് വിടാനൊക്കുമോ ? വധു വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് നിശ്ചയിച്ച ദിവസം സ്വയം വിവാഹം കഴിച്ച ഡോക്ടര്‍; പെണ്ണുകിട്ടാത്തതു കൊണ്ട് കല്യാണം നടക്കുന്നില്ലെന്ന് സങ്കടപ്പെടുന്നവര്‍ക്ക് പ്രചോദനമാകുന്ന സംഭവം ഇങ്ങനെ…

ആഡംബര വിവാഹം നടന്നു പക്ഷെ വധുവില്ല, ഇതെങ്ങനെ സാധ്യമാവുമെന്ന് ബ്രസീലിയന്‍ ഡോക്ടര്‍ ഡിയോഗോ റബേലോയോടു ചോദിച്ചാല്‍ കക്ഷി കൃത്യമായി സംഗതി വിവരിച്ചു തരും.

വരനും വധുവുമെല്ലാം ഡോക്ടര്‍ ഡിയോഗോ തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്വയമങ്ങു കെട്ടി. പ്രതിശ്രുതവധു വിറ്റോര്‍ ബ്യൂണോ വിവാഹത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഡിയോഗോ സ്വയം വിവാഹിതനാകാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ കൊല്ലം നവംബറിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പിന്നീട് ഇരുവര്‍ക്കുമിടയിലുണ്ടായ പിണക്കങ്ങളെ തുടര്‍ന്ന് ജൂലായില്‍ വിറ്റോര്‍ വിവാഹത്തില്‍നിന്ന് പിന്‍മാറി. വിവാഹത്തിനായി നടത്തിയ ഒരുക്കങ്ങളെല്ലാം ഉപേക്ഷിക്കേണ്ട ഘട്ടമെത്തി.

ആഡംബരപൂര്‍ണമായ ചടങ്ങുകള്‍ക്കായുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ വിവാഹം നടത്താന്‍ ഡിയോഗോ തീരുമാനിച്ചു. ഒക്ടോബര്‍ 17ന് ബാഹിയയിലെ ലക്ഷ്വറി റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്.

കോവിഡ് കാലമായതിനാല്‍ നാല്‍പത് പേര്‍ മാത്രമാണ് ഈ വിചിത്രവിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസങ്ങളിലൊന്ന് എന്നാണ് ഡോക്ടര്‍ വിവാഹദിനത്തെ വിശേഷിപ്പിച്ചത്.

ഏറ്റവും പ്രിയപ്പെട്ടവര്‍ ഒപ്പമുള്ള ദിവസം, ദുഃഖകരമായ ഒന്നായി മാറുമായിരുന്ന ഈ ദിവസം ശുഭപര്യവസാനിയായി മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിയോഗോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വിവാഹത്തില്‍നിന്ന് പിന്‍മാറിയ തന്റെ കാമുകിയ്ക്കും ഡിയോഗോ നന്ദി അറിയിച്ചിട്ടുണ്ട്. വിറ്റോറിനോട് തനിക്ക് ബഹുമാനമുണ്ടെന്നും ഇഷ്ടമുള്ളിടത്ത് പോകാനും തങ്ങാനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ഡിയോഗോ തന്റെ കുറിപ്പില്‍ പറഞ്ഞു.

എന്തായാലും പെണ്ണുകിട്ടാത്തതു കൊണ്ട് കല്യാണം നടക്കുന്നില്ലെന്ന് പരാതിയുള്ളവര്‍ക്കെല്ലാം മാതൃകയാവുകയാണ് ഡിയോഗോ.

Related posts

Leave a Comment