ബ്രസീലിയ: കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ പ്രസ്താവനയിൽ ബ്രസീൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
സെനറ്റ് അന്വേഷണ കമ്മിറ്റിയുടെ (സിപിഐ) അന്വേഷണ കണ്ടത്തലിലാണ് ജസ്റ്റീസ് അലക്സാണ്ടർ ഡി മൊറേസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തിനിടെയാണ് കോവിഡ് വാക്സിൻ എയ്ഡ്സിനു കാരണമായേക്കുമെന്ന് ബോൾസോനാരോ പറഞ്ഞത്.
ഇതോടെ ഫേസ്ബുക്കും യൂട്യൂബും ബോൾസോനാരോയെ താൽക്കാലികമായി വിലക്കിയിരുന്നു. യുകെ സർക്കാരിനെ ഉദ്ദരിച്ചായിരുന്ന ബോൾസോനാരോയുടെ പ്രസ്താവന.
യുകെയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പൂർണമായി വാക്സിനേഷൻ എടുത്ത ആളുകളിൽ എയ്ഡ്സ് ഉണ്ടാകുന്നതായാണ്- എന്നായിരുന്നു ബ്രസീൽ പ്രസിഡന്റിന്റെ പ്രസ്താവന.
ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്ന് വന്നത്.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബോൾസോനാരോ വീഴ്ചവരുത്തിയെന്ന് സെനറ്റ് അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഏകദേശം 1,300 പേജുള്ള റിപ്പോർട്ട് സിപിഐ ഒക്ടോബറിൽ ബ്രസീൽ പ്രോസിക്യൂട്ടർ ജനറൽ (പിജിആർ) ഓഫീസിന് കൈമാറിയിരുന്നു.