പ്രണയത്തകർച്ചയെ തുടർന്ന് ഒരു യുവാവ് തന്റെ തൊഴിലുടമയോട് പത്ത് ദിവസത്തെ അവധി ആവശ്യപ്പെട്ടത് വൈറലായി. കൃഷ്ണ മോഹൻ എന്ന തൊഴിലുടമയാണ് ജോലിക്കാരന്റെ ‘ബ്രേക്കപ്പ് ലീവ്’ അപേക്ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്റെ ജീവനക്കാരിൽ ഒരാൾ പ്രണയം തകർന്നതിന്റെ ദുഃഖത്തിൽനിന്നു കരകയറാൻ ഒരാഴ്ചത്തെ യാത്രകൾക്കായി അവധിക്ക് അപേക്ഷിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
ജോലിത്തിരക്കുള്ള സമയമായിരുന്നതിനാൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ജീവനക്കാരൻ അതിനു വഴങ്ങിയില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെതിരേ സോഷ്യൽ മീഡിയ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജീവനക്കാരൻ ലീവ് ചോദിച്ചതിൽ എന്താണ് തെറ്റെന്നും ശാരീരികാരോഗ്യംപോലെ പ്രധാനമാണ് ഒരാളുടെ മാനസികാരോഗ്യമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
വിമര്‍ശനങ്ങള്‍ കൂടിയതോടെ മറുപടിയുമായി തൊഴിലുടമ രംഗത്തെത്തി. അവധി എടുക്കുന്നതില്‍ തെറ്റുണ്ടെന്നല്ല പറഞ്ഞതെന്നും മറിച്ച് പുതിയതലമുറ കാര്യങ്ങളെ വ്യത്യസ്തമായി എങ്ങനെ കാണുന്നുവെന്നു വിശദീകരിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു. ഒപ്പം ആ ജീവനക്കാരന് ഇപ്പോഴും തനിക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.