തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
വാസ്തവം – എല്ലാ സ്ത്രീകൾക്കും സ്തനാർബുദസാധ്യതയുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാർബുദസാധ്യത കൂടുമെന്നുമാത്രം. എന്നാൽ, 30 വയസിൽ താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദസാധ്യത കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനങ്ങളുണ്ട്.
തെറ്റിദ്ധാരണ 2 – സ്തനാർബുദ ചരിത്രമുള്ള കുടുംബത്തിലെ സ്ത്രീകൾക്കു മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നത്
വാസ്തവം- 10 മുതൽ 15 ശതമാനം സ്തനാർബുദങ്ങൾക്കു മാത്രമാണ് പാരന്പര്യം ഒരു ഘടകമായി കണ്ടുവരുന്നത്. 85 – 90 ശതമാനം സ്തനാർബുദങ്ങൾക്കും പാരന്പര്യം ഒരു ഘടകമല്ല. എന്നാൽ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോർമോണ്‍ സന്തുലനത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവയെല്ലാം സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.
തെറ്റിദ്ധാരണ 3 – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്തവർക്കു സ്തനാർബുദം വരില്ല.
വാസ്തവം – പാരന്പര്യമായി വ്യതിയാനം സംഭവിച്ച BRCA1, BRCA2 ജീനുകൾ ഇല്ലാത്ത സ്ത്രീകൾക്കും സ്തനാർബുദം ബാധിക്കാം. പാരന്പര്യമായി വ്യതിയാനം സംഭവിച്ച അത്തരം ജീനുകളുടെ സാന്നിധ്യം സ്തനങ്ങൾ, അണ്ഡാശയം എന്നിവയിലെ കാൻസർസാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്
തെറ്റിദ്ധാരണ 4 – സ്തനാർബുദം പൂർണമായും തടയാനാകും
വാസ്തവം – വ്യത്യസ്തങ്ങളായ പല കാരണങ്ങൾ കൊണ്ടാണു സ്തനാർബുദം ഉണ്ടാകുന്നത്. ഇവ പൂർണമായും കണ്ടെത്താനാകാത്തതിനാൽ സ്തനാർബുദം പൂർണമായും തടയാൻ വഴിയേതുമില്ല.പക്ഷേ, ആരോഗ്യകരമായ ജീവിതശീലങ്ങൾ പാലിക്കുന്നതിലൂടെ സ്തനാർബുദസാധ്യത ഒരുപരിധിവരെ കുറയ്ക്കാനാവും. ഉയർന്ന സ്തനാർബുദസാധ്യത സ്ഥിരീകരിച്ചവരിൽ ടമോക്സിഫെൻ, റാലോക്സിഫീൻ എന്നീ മരുന്നുകളുടെ സഹായത്തോടെ റിസ്ക് കുറയ്ക്കാം. സ്തനാർബുദം തടയുന്നതിനു കുർക്യുമിൻ ടാബ്് ലറ്റുകളും ഫലപ്രദം
തെറ്റിദ്ധാരണ 5 – വർഷംതോറും മാമോഗ്രാം സ്ക്രീനിംഗിനു വിധേയമാകുന്നവർക്കു റേഡിയേഷൻ അധിമായി ഏൽക്കേണ്ടിവരുന്നു. അത് കാൻസറിന് ഇടയാക്കുന്നു
വാസ്തവം എല്ലാവരും വർഷംതോറും മാമോഗ്രാമിന് വിധേയമാണ്ടേതില്ല. ചില പ്രത്യേക തരം റിസ്ക് ഘടകങ്ങൾ ഉള്ളവർ മാത്രമാണ് വിദഗ്ധ ചികിത്സകന്റെ നിർദേശപ്രകാരം മാമോഗ്രാമിനു വിധേയമാകേണ്ടത്. മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുന്പോൾ ഏല്ക്കേണ്ടിവരുന്നതു നേരിയ തോതിലുളള റേഡിയേഷൻ മാത്രമാണ്. അതു സുരക്ഷിതമെന്നാണ് കരുതപ്പെടുന്നത്്. കാൻസർസാധ്യത മുൻകൂട്ടി കണ്ടെത്തുന്നതിനു വേണ്ടി നേരിയ അളവിലുള്ള റേഡിയേഷൻ ഏൽക്കേണ്ടി വരുന്നതു കാര്യമാക്കാനില്ല.
റിസ്ക് ഘടകങ്ങൾ ഇല്ലാത്ത ആളുകളിൽ ആർത്തവ വിരാമത്തിനുശേഷം എടുക്കുന്ന ആദ്യ തവണത്തെ മാമോഗ്രാം നോർമൽ ആണെങ്കിൽ അടുത്ത മാമോഗ്രാം അഞ്ച് വർഷത്തിനുശേഷം മാത്രമേ ആവശ്യപ്പെടാറുള്ളു. എന്നാൽ അവർ എല്ലാ വർഷവും അൾട്രാസൗണ്ട് സ്കാനിംഗിനു വിധേയമാകുന്നതു നന്നായിരിക്കും.
തെറ്റിദ്ധാരണ 6 – മുലയൂട്ടൽ സ്തനാർബുദസാധ്യത കൂട്ടുന്നു
വാസ്തവം വാസ്തവത്തിൽ മുലയൂട്ടൽ സ്തനാർബുദസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പ്രീമെനോപോസൽ സ്തനാർബുദസാധ്യത കുറയ്ക്കുന്നു. മുലയൂട്ടുന്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിൻ ഹോർമോണ്‍ സ്തനങ്ങൾക്കു
സംരക്ഷണകവചമാകുന്നു.
വിവരങ്ങൾ:
ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088