ദാനം ചെയ്തത് 2217 ലിറ്റര്‍ മുലപ്പാല്‍! ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം എന്ന രോഗത്തിനടിമയായ യുവതി അത്ഭുതം സൃഷ്ടിക്കുന്നതിങ്ങനെ

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാവുന്നതും കൂടുതല്‍ വ്യക്തമാവുന്നതും അമ്മിഞ്ഞപ്പാലിലൂടെയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ഏറ്റവും ആവശ്യമായതുമതാണ്. ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്ക് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നില്ലെന്നതും പൊതുവെ പറയപ്പെടാറുണ്ട്. ഇവിടെയാണ് അമേരിക്കന്‍ സ്വദേശിനിയായ യുവതി അത്ഭുതം സൃഷ്ടിക്കുന്നത്.

600 ഗാലണ്‍ (ഏകദേശം 2217 ലിറ്റര്‍) അമ്മിഞ്ഞപ്പാല് ദാനം ചെയ്ത് അമേരിക്കയിലെ ഒറിഗോണിലെ എലിസബത്ത് ആന്‍ഡേഴ്‌സണ്‍ സിയെറ എന്ന 29 വയസുകാരിയാണ് തന്റെ ബലഹീനതയെ മറ്റുള്ളവര്‍ക്ക് അനുഗ്രഹമാക്കി മാറ്റിയിരിക്കുന്നത്. രണ്ടു മക്കളുടെ അമ്മയാണ് എലിസബത്ത്. ആറു വയസുകാരി സോഫിയയുടെയും രണ്ടു വയസുകാരി ഇസബെല്ലയുടെയും. അമിതമായി പാല്‍ ചുരത്തുന്ന ‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയാണ് എലിസബത്തിന്.

ദിവസം ആറു ലിറ്റര്‍ പാലാണ് ഇവര്‍ ചുരത്തുന്നത്. ഇസബെല്ലയാകട്ടെ വെറും 20 ഔണ്‍സ് (549 ഗ്രാം) മാത്രമാണ് കുടിക്കുന്നത്. അതുകൊണ്ടുതന്നെ വീടിന് സമീപമുള്ള ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ആദ്യമൊക്കെ പാല്‍ കൊടുക്കാന്‍ തുടങ്ങി. ദിവസവും പത്തു മണിക്കൂറാണ് ഇതിനു വേണ്ടി മാറ്റിവയ്ക്കുന്നത്. അഞ്ചു തവണ ഇത്തരത്തില്‍ പാല്‍ ശേഖരിക്കും. നാലു വലിയ ഫ്രീസറുകളിലായാണ് പാല് ശേഖരിച്ചു വയ്ക്കുന്നത്. നൂറു കണക്കിന് അമ്മമാര്‍ തന്റെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുവെന്ന് പറയുമ്പോള്‍ എലിസബത്തിന്റെ മുഖത്ത് അഭിമാനം.

2014 ല്‍ തുടങ്ങിയതാണ് ഈ പാല്‍ ദാനം. അന്ന് മാസം തികയും മുന്‍പേ പിറന്ന കുഞ്ഞിന് പാല്‍ നല്‍കിയത് മറ്റുള്ള അമ്മമാരില്‍ നിന്നു ശേഖരിച്ചാണ്. അതാണ് തന്റെയും പാല്‍ വിതരണം ചെയ്യാമെന്ന ചിന്തയിലേക്ക് ഇവരെ എത്തിച്ചത്. ഇതിനോടകം 600 ഗാലണ്‍ പാല്‍ ഇത്തരത്തില്‍ വിതരണം ചെയ്തു കഴിഞ്ഞു. ആദ്യം വീടിനു സമീപത്തുള്ള ചില അമ്മമാര്‍ ആയിരുന്നു ആവശ്യക്കാര്‍. മെല്ലെ ഉത്പാദനം കൂട്ടി. ശരീരത്തിനും സൗന്ദര്യത്തിനും അത്ര നല്ലതല്ല എങ്കിലും കുഞ്ഞിന് ആവശ്യമുള്ള പാല്‍ നല്‍കുമ്പോള്‍ മാതാപിതാക്കളുടെ മുഖത്തുണ്ടാകുന്ന ആ സംതൃപ്തിയുണ്ടല്ലോ, അതാണ് തനിക്ക് പ്രചോദനം എന്നാണ് എലിസബത്ത് പറയുന്നത്.


Related posts