ചെന്നൈ: ചെന്നൈ മാധാവാരത്ത് മുലപ്പാൽ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടി. അമ്പത് മില്ലി ലിറ്റർ മുലപ്പാലിന് അഞ്ഞൂറുരൂപയോളമാണ് ആവശ്യക്കാരിൽനിന്ന് കടയുടമ ഈടാക്കായിരുന്നത്. പ്രോട്ടീൻ പൗഡർ വിൽക്കാനുള്ള ലൈസൻസിന്റെ മറവിലായിരുന്നു കച്ചവടം.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ അമ്പത് ബോട്ടിൽ മുലപ്പാൽ കടയിൽനിന്ന് പിടിച്ചെടുത്തു. മുലപ്പാൽ നൽകിയിരുന്ന സ്ത്രീകളുടെ മൊബൈൽ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. കട സീൽചെയ്ത അധികൃതർ ഉടമയ്ക്കെതിരേ കർക്കശ നിയമനടപടിക്കു തുടക്കമിടുകയും ചെയ്തു.
അതേസമയം സേവനതാത്പര്യം മാത്രം മുൻനിർത്തിയാണു മുലപ്പാൽ ശേഖരിച്ചതെന്ന് കടയുടമ വാദിക്കുന്നു. എന്തായാലും ചെന്നൈയിൽ ആദ്യമായാണ് ഇത്തരമൊരു കുറ്റകൃത്യം ശ്രദ്ധയിൽപ്പെടുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിൽ അടുത്തിടെ മുലപ്പാൽ വിൽപ്പന നിരോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.