സീമ മോഹൻലാൽ
കൊച്ചി: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി മാസ്ക് ഊരി ഊതിപ്പിച്ചുകൊണ്ടുള്ള വാഹന പരിശോധന എങ്ങനെ നടത്തുമെന്നറിയാതെ പോലീസ് ഉദ്യോഗസ്ഥർ ആശങ്കയിൽ.
ഈ സാഹചര്യത്തിൽ മാസ്ക ഊരിച്ചുള്ള വാഹന പരിശോധന സംബന്ധിച്ച് മേൽ ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു വിധ നിർദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉന്നതർ പറയുന്നു.
സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷന് പരിധിയിലും ബ്രെത്ത് അനലൈസര് പരിശോധന ഇപ്പോഴും തുടരുകയാണ്.സർക്കാരിൽ നിന്ന് വ്യക്തമായ നിർദേശം ലഭിക്കാത്തതാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്.
വാഹനം ഓടിക്കുന്നവർ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്താറുള്ളത്.
എന്നാൽ കൊച്ചി സിറ്റി പോലീസിലെ പ്രധാന സ്റ്റേഷനുകളിൽ ഉൾപ്പെടെ പലയിടത്തും ബ്രീത്ത് അനലൈസറുകൾ പ്രവർത്തിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് ദുഷ്കരമായ കാര്യമാണ്. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് കോവിഡ് സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായി വാഹനപരിശോധന നിർത്തിവച്ചിരിക്കുകയായിരുന്നു.
ഇത് പുനരാരംഭിച്ചിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. നിലവിൽ കോവിഡ് രൂക്ഷമായേക്കാമെന്ന മുന്നറിയിപ്പുള്ള അവസ്ഥയിൽ ഇത്തരം പരിശോധനകൾ നടത്തുന്പോൾ തങ്ങളുടെ ജീവന് എന്ത് സുരക്ഷയാണുള്ളതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്.
മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായ കൊച്ചി സിറ്റി പോലീസ് പരിധിയിൽ ഈ നിയമം എങ്ങനെ പ്രാവർത്തികമാക്കണമെന്ന ഉദ്യോഗസ്ഥർക്ക് നിശ്ചയമില്ല.
കൊച്ചി സിറ്റി പോലീസ് പരിധിയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകളിൽ പരിശോധന കർശനമാക്കണമെന്നാണ് മേൽ ഉദ്യോഗസ്ഥരുടെ നിർദേശം.
ഇതനുസരിച്ച് പല സ്റ്റേഷനുകളിലും പ്രതിമാസം നൂറോളം കേസുകളും റിപ്പോർട്ട് ചെയ്യാറുണ്ട്. അതേസമയം നിലവിൽ വാഹന പരിശോധന നിർത്തിവയ്ക്കാൻ നിർദേശം ഒന്നും ലഭിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് വേണ്ട തീരുമാനമെടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു.