കെട്ടിറങ്ങിയാലും കാര്യമില്ല ! രാത്രിയില്‍ മദ്യപിച്ച് രാവിലെ ലഹരി വിട്ടാലും ഊതിച്ചാല്‍ പണിപാളും; പുതിയ ആല്‍ക്കോമീറ്ററില്‍ ചുമയ്ക്കു മരുന്നു കഴിച്ചവരും കുടുങ്ങും…

കൊച്ചി: രാത്രിയില്‍ അടിച്ചു പൂസായ ശേഷം രാവിലെ വണ്ടിയെടുക്കുന്നവരും ഇനി പോലീസിന്റെ വലയില്‍ കുടുങ്ങും. രാത്രിയില്‍ മൂക്കറ്റം കുടിച്ച് അഞ്ചും ആറും മണിക്കൂര്‍ ഉറങ്ങി ലഹരി ഇറങ്ങിയാലും ആല്‍ക്കോമീറ്റര്‍ വിവരം മണത്തറിയുമെന്നതാണ് കാരണം.

പുലര്‍ച്ചെ നടത്തിവരുന്ന പരിശോധനകളില്‍ പിടിയിലാകുന്ന െ്രെഡവര്‍മാര്‍ ധാരാളമാണ്. രണ്ടും മൂന്നും പെഗ് അടിച്ച് ഒന്നുറങ്ങിക്കഴിഞ്ഞാല്‍ പിറ്റേന്നു രാവിലെ പോലീസിന്റെ ആല്‍ക്കോമീറ്ററിന്റെ കണ്ണു വെട്ടിക്കാന്‍ കഴിയുമെന്ന മദ്യപരുടെ വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്.

പുതുവത്സരദിനത്തില്‍ എറണാകുളം റേഞ്ച് ഐ.ജിയുടെ കീഴില്‍ നാലു ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ മദ്യപിച്ചു വണ്ടിയോടിച്ചതിന് കേസെടുത്തത് 1030 പേര്‍ക്കെതിരേയാണ്. ഇതിലേറെയും പിടിയിലായത് രാവിലെയാണെന്നതാണ് കൗതുകം. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമാനമായ പരിശോധന നടത്തി നവംബര്‍ 28 ന് 96 പേരെ പിടികൂടിയിരുന്നു.

രാവിലെ ആറു മുതല്‍ ഒമ്പതു വരെ നടത്തിയ വാഹനപരിശോധനയിലാണ് ഇത്രയധികം ആളുകള്‍ പിടിയിലായത്. പുലര്‍ച്ചെ മദ്യപിച്ചശേഷം വണ്ടി ഓടിക്കാനിറങ്ങിയവരായിരുന്നില്ല, ഇവര്‍. തലേന്നു രാത്രിയിലെ മദ്യപാനമാണ് ഇവരെ കുടുക്കിയത്.

ട്രക്ക്, സ്‌കൂള്‍ ബസ്, യാത്രാബസ്, ടിപ്പര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന.രക്തത്തില്‍ മദ്യത്തിന്റെ അംശം പൂര്‍ണമായി ഇല്ലാതാകാന്‍ 24 മണിക്കൂര്‍ എടുക്കും. രാത്രിയില്‍ മൂന്നു പെഗ് കഴിച്ച് കിടന്നാലും രാവിലെ ആല്‍ക്കോമീറ്ററില്‍ പിടിവീഴാമെന്നു പരിശോധന നടത്തിയ പോലീസ് ഉദ്യോഗ സ്ഥര്‍ പറയുന്നു.

100 മില്ലിഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെങ്കില്‍ പിടിവീഴും. 30 മില്ലിഗ്രാമില്‍ താഴെയാണെങ്കില്‍ കേസെടുക്കില്ല. ഒരു കുപ്പി ബിയര്‍ അകത്താക്കിയാല്‍ ആല്‍ക്കോമീറ്ററില്‍ 60 മുതല്‍ 70 മില്ലിഗ്രാം മദ്യത്തിന്റെ അളവ് രേഖപ്പെടുത്തും. ഒരു പെഗ് മദ്യം കഴിച്ചാലും 40 മുതല്‍ 50 മില്ലിഗ്രാം രക്തത്തില്‍ കാണും.

ഒരു പെഗ് കഴിച്ച് നാലോ അഞ്ചോ മണിക്കൂറിനുള്ളില്‍ ഊതിച്ചാലും പിടിയിലാകും. ചില ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍, ചുമയ്ക്കുള്ള കഫ് സിറപ്പ് എന്നിവ കഴിക്കുന്നവരെയും ആല്‍ക്കോമീറ്റര്‍ കുടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായവരുടെ കണക്ക് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ രണ്ടു ലക്ഷം കവിഞ്ഞിരുന്നു.

 

 

Related posts