ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർ മദ്യപിച്ചിട്ടാണോ ഡ്യൂട്ടിക്കെത്തുന്നതെന്നറിയാൻ ബ്രീത്ത് അനലൈസർ ടെസ്റ്റ് ആരംഭിച്ചതോടെ അപകടനിരക്ക് കുറഞ്ഞതായി അധികൃതർ. കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 25 ശതമാനം കുറവുണ്ടായി എന്നാണ് വിലയിരുത്തൽ. ഈ മാസം 4 മുതലാണ് യൂണിറ്റുകളിൽ ബ്രീത്ത് അനലൈസർ ടെസ്റ്റ് തുടങ്ങിയത്.
വനിതകൾ ഒഴികെയുള്ള ജീവനക്കാരെ പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഡ്യൂട്ടി അനുവദിക്കുകയുള്ളു. വിജിലൻസ് നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങൾ ഇപ്പോൾ വളരെ കുറവാണ്. ആദ്യദിവസങ്ങളിൽ, ഒരു ദിവസം 22 പോസീറ്റീവ് (മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ )കേസുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസർ പരിശോധനയും കർശന നടപടികളും തുടരുമെന്ന് സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു.
പരിശോധന ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞതിനു പുറമേ യാത്രക്കാർക്ക് സുരക്ഷിതത്വവും മാന്യമായ പെരുമാറ്റവും ഉറപ്പുവരുത്താനും കഴിഞ്ഞിട്ടുണ്ട്.
പ്രദീപ് ചാത്തന്നൂർ