ചാത്തന്നൂർ: കെ എസ് ആർടിസി വലിയ വില കൊടുത്ത് വാങ്ങിയ ബ്രീത്ത് അനലൈസർ ഗുണ നിലവാരമില്ലാത്തതെന്ന് ജീവനക്കാർ. ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) പോരായ്മകൾ ചൂണ്ടിക്കാട്ടി സി എം ഡിയ്ക്ക് നിവേദനം നല്കിയിരുന്നു.
കെഎസ്ആർടിസി ബ്രീത്ത് അനലൈസർ വാങ്ങിയത് 38012.52 രൂപ നിരക്കിലാണ് എന്ന് വിവരാവകാശ നിയമ പ്രകാരം കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. മികച്ച കമ്പനികളുടെ ബ്രീത്ത് അനലൈസറുകൾ ഇതിന്റെ പകുതിയിൽ താഴെ വിലയ്ക്ക് വിപണിയിൽ ലഭിക്കുമെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ബ്രീത്ത് അനലൈസറിന്റെ റീഡിംഗിൽ 5 ശതമാനം വരെ റീഡിംഗ് തകരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. പക്ഷേ കെഎസ്ആർടിസിയുടെ ബ്രീത്ത് അനലൈസറിൽ ആര് ഊതിയാലും വലിയ റീഡിംഗ് രേഖപ്പെടുത്തുന്നുവെന്നാ ണ് ആരോപണം.
ഇന്നലെ കോതമംഗലം ഡിപ്പോയിൽ വനിതകൾ ഉൾപ്പെടെ 40 ജീവനക്കാരെ പരിശോധിച്ചപ്പോൾ എല്ലാവരും ഫിറ്റ്.
ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലാത്ത കണ്ടക്ടർ ബിജുവിനും ഉയർന്ന റീഡിംഗ്. ഇതാണ് പ്രശ്നമായി മാറിയത്. തെറ്റായ റീഡിംഗ് കാണിക്കുന്ന നിലവാരമില്ലാത്ത ബ്രീത്ത് അനലൈസറിനെതിരെ ജീവനക്കാർ നേരത്തെ തന്നെ സി എം ഡിയ്ക്ക് പരാതി നല്കിയിട്ടുണ്ട്.
കെഎസ്ആർടിസി ഇപ്പോൾ ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസർ ഉപയോഗിക്കാൻ പറ്റിയ നിലവാരത്തിലുള്ളതല്ല എന്നാണ് ജീവനക്കാരുടെ ആരോപണം. തെറ്റായ മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടർന്ന് ജീവനക്കാർക്കെതിരെ ഇതുവരെ സ്വീകരിച്ച ശിക്ഷാ നടപടികൾ പിൻവലിക്കണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.
പ്രദീപ് ചാത്തന്നൂർ