ഈരാറ്റുപേട്ട: കല്യാണത്തിന് പങ്കെടുക്കാൻ പോയ കുടുംബം അത്തർ പൂശിയതിന്റെ പേരിൽ പോലീസിന്റെ വാഹനപരിശോധനയിൽ പിടിവീണു.
ഇന്നലെ പൂഞ്ഞാർ-ചോലത്തടം റൂട്ടിലാണ് സംഭവം. പോലീസ് കൈ കാണിച്ചതിനെത്തുടർന്ന് വാഹനം നിർത്തി ഡ്രൈവറോട് ബ്രീത്ത് അനലൈസറിൽ ഊതുവാൻ ആവശ്യപ്പെട്ടു. ഉപകരണം ബീപ് ശബ്ദം കേൾപ്പിച്ചതോടെ മദ്യപിച്ചതിന്റെ പേരിൽ പോലീസ് നടപടി എടുക്കുമെന്നായി. താൻ മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവർ ആണയിട്ട് പറഞ്ഞിട്ടും പോലീസ് ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല.
കാർ പരിശോധിക്കുന്നതിനായി കാറിലേക്ക് ബ്രീത്ത് അനലൈസറുമായി പോലീസുകാരൻ കയറിയപ്പോൾ ഭാര്യയും കുട്ടികളും അത്തർ പൂശിയതിനാൽ വീണ്ടും ബീപ് ശബ്ദം കേൾക്കുവാൻ തുടങ്ങി. തുടർന്ന് ഖേദപ്രകടനം നടത്തി പോലീസ് പിൻവാങ്ങുകയായിരുന്നു. ടൗണിലെ പരിശോധന ഒഴിവാക്കി ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയതിൽ പോലീസിനെതിരേ ആക്ഷേപം ഉയർന്നിട്ടുണ്ട്.