ബെൽഫാസ്റ്റ്: സിംബാബ്വെയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബ്രണ്ടൻ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ഇന്ന് അയർലൻഡിനെതിരേ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തോടെ കരിയർ അവസാനിപ്പിക്കുകയാണെന്ന് താരം അറിയിച്ചു.
69 റണ്‍സ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് പൂർത്തിയാക്കുന്ന മൂന്നാമത്തെ സിംബാബ്വെൻ താരമെന്ന റിക്കോർഡും ടെയ് ലറെ കാത്തിരിപ്പുണ്ട്. ആൻഡി ഫ്ലവർ, ഗ്രാൻഡ് ഫ്ലവർ എന്നിവർ മാത്രമാണ് ഈ നേട്ടം മുൻപ് കൈവരിച്ചിരിക്കുന്നത്.
109 റണ്‍സ് കൂടി നേടിയാൽ ഏകദിനത്തിൽ സിംബാബ്വെയ്ക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും ടെയ് ലർക്കൊപ്പമാകും. 11 സെഞ്ചുറികൾ നേടിയ ടെയ് ലറാണ് ഏകദിന സെഞ്ചുറി നേട്ടക്കാരിൽ സിംബാബ്വെയുടെ തലപ്പത്ത്. എന്നാൽ വിടവാങ്ങൾ മത്സരം മഴമൂലം ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
2004-ൽ അരങ്ങേറ്റം നടത്തിയ ടെയ്ലർ 34 ടെസ്റ്റുകളും 204 ഏകദിനങ്ങളും 45 ട്വന്റി-20 മത്സരങ്ങളും രാജ്യത്തിനായി കളിച്ചു.