ക്രൈസ്റ്റ് ചര്‍ച്ച്:സമാധാനം ഉള്ളിടത്ത് തീവ്രവാദം ഉണ്ടാവാറില്ല മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രവാദം ഇല്ലാത്തിടത്തേ സമാധാനം ഉണ്ടാവുകയുള്ളൂ. ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എന്നും മുമ്പിലുള്ള രാജ്യമായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ 2019 മാര്‍ച്ച് 15 അവരുടെ ചരിത്രത്തില്‍ ഇനി അറിയപ്പെടുക കറുത്ത വെള്ളിയാഴ്ച എന്നായിരിക്കും. മുസ്ലിം പള്ളികളില്‍ ചെന്ന് വെടിയുതിര്‍ത്ത് നിരവധി സാധാരണക്കാരെ കൊന്നൊടുക്കിയ ബ്രണ്ടന്‍ ടാറന്റ് എന്ന ഓസ്ട്രേലിയക്കാരന് ന്യൂസിലന്‍ഡിന് സമ്മാനിച്ചിരിക്കുന്നത് തീരാ കളങ്കമാണ്.
വെടിയേറ്റു വീണ സാധാരണക്കാരാണ് തങ്ങളുടെ രാജ്യത്തിന്റെ മക്കളെന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡന് പറഞ്ഞത്. ആക്രമണത്തിനു ശേഷം എന്തിനാണ് ബ്രണ്ടന്‍ ടാറന്റ് മുസ്ലിം പള്ളിയില്‍ കയറി വെടിയുതിര്‍ത്തത് എന്ന ചോദ്യമാണ് ഉയര്‍ന്നു വന്നത്. ഇയാളുടെ അതിതീവ്ര നിലപാടുകള്‍ വ്യക്തമാക്കുന്ന 73 പേജുള്ള കുറിപ്പ് പുറത്തു വന്നതോടെയാണ് ഇതിനുത്തരമായത്. കുറിപ്പുകളില്‍ നിന്നും വ്യക്തമാകുന്നത് വംശവെറി പുലര്‍ത്തുന്ന വലതവംശീയവാദിയുടെ നിലപാടുകളാണ്. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഹെഗ്ലി പാര്ക്കിന് സമീപത്തെ അല്‍ നൂര്‍ പള്ളിയിലാണ് ആദ്യം വെടിവെപ്പുണ്ടായത്. ഇതിന് തൊട്ടുപിറകെ ലിന്‍ഡുവിലെ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി.
വെള്ളിയാഴ്ച നിസ്കാരത്തിനെത്തിയവരാണ് ടാറന്റിന്റെ തോക്കില്‍ എരിഞ്ഞമര്‍ന്നത്. മുസ്ലിം തീവ്രവാദത്തിനെതിരായ ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നും കുടിയറ്റ വിരുദ്ധനാണെന്നും വ്യക്തമാക്കുന്നതാണ് ബ്രണ്ടന്‍ ടാറന്റ് പോസ്റ്റു ചെയ്ത മാനിഫെസ്റ്റോയില്‍ പറയുന്നത്. ഓസ്ട്രേലിയന്‍ മിഡില്‍ ക്ലാസുകാരനാണ് ബ്രണ്ടന്‍. കുറഞ്ഞ വരുമാനക്കാരനായ ഇയാള്‍ കടുത്ത വംശീയവാദിയും കുടിയേറ്റ വിരുദ്ധനുമാണെന്നാണ് പുറത്തുവരുന്നുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ക്കു മറുപടിയാണ് ബ്രണ്ടന്‍ നടത്തിയ ആക്രമണമെന്നാണ് മാനിഫെസ്റ്റോയില്‍ നിന്നും വ്യക്തമാക്കുന്നത്.
ബ്രണ്ടന്‍ ടാറന്റിനെ ഈ പാതകത്തിന് പ്രേരിപ്പിച്ചതാവട്ടെ നോര്‍വേയില്‍ ഓസ്ലോയില്‍ ബോംബ് സ്ഫോടനം നടത്തിയും വെടിവെച്ചം 69 യുവാക്കളെ കൊലപ്പെടുത്തിയ ഭീകരന് ആന്‍ഡേഴ്സ് ബെഹ്റിംഗ് ബ്രെവിക്കും. ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം എന്ന പേരുള്ള നോര്‍വെയെ നടുക്കുന്നതായിരുന്നു 2011 ജൂലൈ 22ന് തീവ്ര വലതുപക്ഷവാദിയായ ആന്‍ഡേഴ്സ് ബ്രെവിക്ക് നടത്തിയ ആക്രമണം. വര്‍ക്കേഴ്സ് യൂത്ത് ലീഗിന്റെ വേനല്‍ക്കാല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 69 യുവാക്കളാണ് അന്ന് ഉട്ടോയ ദ്വീപില്‍ പിടഞ്ഞു വീണത്. 21 വര്‍ഷത്തെ തടവാണ് കോടതി ബ്രെവിക്കിന് വിധിച്ചത്.
ഇതേ ബ്രെവിക്കിന്റെ കടുത്ത ആരാധകനായിരുന്നു ബ്രണ്ടന്‍ ടാറന്റ്. സ്റ്റോക്ക് ഹോമില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിനും സിഡ്നി കൂട്ട ബലാത്സംഗത്തിനും എതിരാണ് തന്റെ യുദ്ധമെന്നും ബ്രണ്ടന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്റ്റോക്ക് ഹോം ഭീകരാക്രമണത്തില്‍ മരിച്ച എബ്ബ ഒക്കര്‍ലണ്ട് എന്ന 12 വയസുകാരിയുടെ കാര്യവും ഇയാളുടൈ കുറിപ്പില്‍ പറയുന്നുണ്ട്. രണ്ടു വര്‍ഷമായി ഇതിനായി പദ്ധതിയിടുകയായിരുന്നുവെന്നും ടാറന്റിന്റെ മാനിഫെസ്റ്റോയില്‍ പറയുന്നു.
രണ്ട് മുസ്ലിം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 491 പേരാണ് കൊല്ലപ്പെട്ടത്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്ക്കിലുമാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നില്‍ മുസ്ലിം വിരുദ്ധരായ തീവ്രവാദ ഗ്രൂപ്പുകളാണെന്നാണ് സൂചന. ലഹരിക്ക് അടിമപ്പെട്ട തീവ്രവാദിയാണ് കൊല നടത്തിയതെന്ന് വ്യക്തമാണ്. അക്രമം നടത്തുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു ഭീകരവാദികളുടെ ഇടപെടല്‍. സ്വതവേ സമാധാനത്തിന്റെ നാടായാണ് ന്യൂസിലണ്ടും ഓസ്ട്രേലിയയുമെല്ലാം അറിയപ്പെട്ടുന്നത്. അവിടെയുണ്ടായ ആക്രമണം ലോകത്തെ തന്നെ ഞെട്ടിച്ചു. കമ്പ്യൂട്ടര്‍ ഗെയിമിലെ കളിക്ക് സമാനമായ മാനസികാവസ്ഥയിലാണ് അക്രമി പെരുമാറിയത്.
കാറില്‍ എത്തിയ അക്രമി പാര്‍ട്ടി തുടങ്ങാമെന്ന് പറഞ്ഞു കൊണ്ടാണ് എല്ലാത്തിനും തുടക്കം കുറിക്കുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് താഴേക്ക് വെടിയുതിര്‍ക്കുന്നു. അതിന് ശേഷം ഡിക്കി തുറക്കുന്നു. ആറ് യന്ത്രതോക്കുകള്‍. അതില്‍ നിന്ന് ഒന്ന് കൈയിലെടുക്കുന്നു. അവിടെ നിന്ന് നേരെ പള്ളിയെ ലക്ഷ്യമാക്കി നടക്കുന്നു. പിന്നെ തുരുതുരാ വെടിവച്ചു. അതിന് ശേഷം തിരിച്ച് കാറിന് അടുത്തേക്ക് എത്തുന്നു. കാറില്‍ നിന്ന് ചെറിയ തോക്കെടുക്കുന്നു. വീണ്ടും പള്ളിയിലേക്ക്. ആദ്യ ആക്രമണത്തില്‍ വെടിയേറ്റ് കിടന്നവര്‍ക്ക് നേരെ വീണ്ടും വെടിവയ്ക്കുന്നു. മരണം ഉറപ്പിക്കാനായിരുന്നു അത്.
തോക്കുമായി വെളിയിലിറങ്ങിയ അക്രമി അവിടെ കണ്ണില്‍ കണ്ടവര്‍ക്ക് നേരെയും വെടിവയ്ക്കുന്നു. തലയില്‍ വെടിവച്ചായിരുന്നു ആക്രോശം. അതിന് ശേഷം വീണ്ടും കാറിലേക്ക്. മുസ്ലിം പള്ളിയെ കത്തിച്ച് നിലംപരിശാക്കാന്‍ ആകാത്തതിന്റെ നിരാശയാണ് പങ്കുവയ്ക്കുന്നത്. കാറില്‍ ഇതിനായി പെട്രോളും സൂക്ഷിച്ചിരുന്നു. ഈ നിരാശ പങ്കുവയ്ക്കലുമായി കാറില്‍ രക്ഷപ്പെടാനുള്ള ശ്രമം. ഇയാളടക്കം നാലുപേരെയാണ് പിടിച്ചത്. മുസ്ലിം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സര്‍ക്കാരും സമ്മതിച്ചിട്ടുണ്ട്. പ്രധാന അക്രമി ഓസ്ട്രേലിയന്‍ പൗരത്വമുള്ള തീവ്ര വലതുപക്ഷ ‘ഭീകര’നാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.