കാസര്‍ഗോഡ്: മുലപ്പാൽ കുടിച്ച് കൊതി തീരും മുന്നേ ജന്മം തന്ന അമ്മ വിടവാങ്ങി. ചുണ്ടിൽ അപ്പോഴും അമ്മിഞ്ഞപ്പാലിന്റെ മധുരവുമായി ആ കുഞ്ഞ് മുഖം അമ്മയെ കാത്ത് കിടക്കുന്ന കാഴ്ച അത്ര പെട്ടെന്നൊന്നും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ മനസിൽ നിന്ന് മായില്ല.
പെരിയയില്‍ താമസിക്കുന്ന ആസാം സ്വദേശി രാജേഷ് ബര്‍മന്റെ ഭാര്യ ഏകാദശി മാലിയെ ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവര്‍ക്കൊപ്പം 37 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു.
എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏകാദശി മരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മയെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ടോബിളിൽ കിടത്തിയപ്പോൾ കുഞ്ഞി വയർ വിശന്ന് കരയാൻ തുടങ്ങി. ഇനി ഒരിക്കലും തന്റെ അമ്മ തന്നെ മുലയൂട്ടാൻ വരില്ലെന്നറിയാതെ കുഞ്ഞി വായ പാലിനായി തുറന്നു. ഈ കാഴ്ച കണ്ടു നിന്നവരെല്ലാം കണ്ണുകൾ ഈറനണിഞ്ഞു.
അപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മെറിന് കുഞ്ഞിനെ മുലയൂട്ടാന്‍ തയാറായി മുന്നോട്ടുവന്നത്. മരുന്നുപെട്ടികള്‍ അടുക്കിവച്ച മുറിയിലിരുന്ന് മെറിന് പാല് നല്കിയപ്പോള് പരിചിതമല്ലാത്ത മണവും ശബ്ദവും കൊണ്ട് കുഞ്ഞ് ആദ്യം കരഞ്ഞെങ്കിലും ആ സ്പര്‍ശനത്തിലെയും ശബ്ദത്തിലെയും മാതൃസ്നേഹം തിരിച്ചറിഞ്ഞതോടെ മാറോടുചേര്‍ന്നു കിടന്നു.
പാല് കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ മെറിന് പിന്നീട് ഏകാദശിയുടെ കുടുംബാംഗങ്ങള്‍ക്ക് തിരികെ നല്കി. അവസരോചിതമായ മെറിന്റെ ഇടപെടലിൽ കുഞ്ഞും ഹാപ്പി. കൂടെയുള്ളവരും അതിലേറെ ഹാപ്പി.
അമ്മയെ നഷ്ടമായ കുഞ്ഞിന് പാല്‍മധുരം പകര്‍ന്ന നഴ്സിംഗ് ഓഫീസറെ സമൂഹത്തിന്റെ വിവിധ കോണില്‍ നിന്നുമുള്ളവര്‍ അഭിനന്ദിക്കുകയുണ്ടായി.
താനും ഒരമ്മയാണെന്നും 50 കിലോമീറ്റര്‍ അകലെയുള്ള സ്വന്തം വീട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന ഒരു വയസുകാരി മകളുടെ മുഖമായിരുന്നു അപ്പോള്‍ മനസ് നിറയെ എന്ന് മെറിന് പറയുന്നു. ബന്തടുക്കയിലെ ബിപിന്‍ തോമസിന്റെ ഭാര്യയാണ് മെറിന്.