കോഴിക്കോട്: ലോകത്തെ എക്കാലത്തെയും വേഗതയേറിയ ബൗളര്‍മാരിലൊരാളായ ബ്രെറ്റ് ലീയോട് കുരുന്നുകളിലൊരാള്‍ ചോദിച്ചു ഏതു ശബ്ദമാണ് ഏറ്റവും ഇഷ്ടമെന്ന്. ഈ ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ മറുപടിയാണ് ബ്രെറ്റ്ലീ പറഞ്ഞത്. ” ബൗള്‍ ചെയ്ത് സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ശബദം” ഇതായിരുന്നു ബ്രെറ്റ് ലീയുടെ മറുപടി.
എല്ലാ നവജാതശിശുക്കളിലും ശ്രവണ പരിശോധന നടത്തുന്നതിന്റെയും അസുഖങ്ങള്‍ വരാതിരിക്കുന്നതിനുള്ള ബോധവല്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് കോംക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ് അംബാസഡര്‍ കൂടിയായ ലീ കോഴിക്കോട്ടെത്തിയത്. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ 12 ചോദ്യങ്ങളാണ് ബ്രെറ്റ് ലീയോട് ചോദിച്ചത്.
വിക്കറ്റില്‍ ബോള്‍ വന്നുമുട്ടുന്ന ശബ്ദംമാണ് ക്രിക്കറ്റ് ഗ്രണ്ടില്‍ കേള്‍ക്കാനാഗ്രഹിക്കുന്ന ശബ്ദമെന്ന് പറഞ്ഞ ലീ ബാറ്റില്‍ പന്ത് ശക്തിയില്‍ മുട്ടുന്നതും അംപയറുടെ നോട്ട് ഔട്ട് ശബ്ദവും താന്‍ കേള്ക്കാനാഗ്രഹിക്കാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.
സച്ചിനെതിരേ പന്തെറിയുമ്പോള്‍ 130 കോടി ജനങ്ങള്‍ക്കു നേരെയാണ് താങ്കള്‍ എറിയുന്നതെന്ന് ഓര്‍ക്കാറുണ്ടോ എന്ന വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോള്‍ സ്വതസിദ്ധമായ ചിരിയോടെയാണ് ലീ മറുപടി നല്‍കിയത്. അദ്ദേഹത്തിനെതിരേ കളിക്കാനിറങ്ങും മുന്‍പ് താന്‍ പ്രാര്‍ഥിക്കാറുണ്ടെന്ന് ലീ തുറന്നു പറഞ്ഞു. സച്ചിനോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും എനിക്കുമാത്രമല്ല ടീം ഓസ്ട്രേലിയക്കും അങ്ങിനെ തന്നെയാണെന്നും മുന്‍ ഫാസ്റ്റ് ബൗളര്‍ വ്യക്തമാക്കി. കളിക്കളത്തില്‍ എതിരാളികള്‍ക്കെതിരേയുള്ള തന്ത്രങ്ങള്‍ മാത്രമേ മനസിലുണ്ടാകാറുള്ളുവെന്നും അത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ലീ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.