പാലക്കാട്: പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിർമാണ യൂണിറ്റിന് അനുമതി നൽകിയതിനെതിരേ പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെപോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സർക്കാരിൽനിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും രേവതി ബാബു പറഞ്ഞു. കോൺഗ്രസിനാണു പഞ്ചായത്തിന്റെ ഭരണം.
26 ഏക്കർ സ്ഥലത്താണ് ബ്രൂവറി തുടങ്ങുന്നത്. രണ്ടു വർഷം മുന്‍പാണ് കന്പനി ഈ സ്ഥലം വാങ്ങിയത്. ഇന്നു രാവിലെയാണ് പദ്ധതി വരുന്നതിനെക്കുറിച്ചുള്ള വിവരം കൃത്യമായി അറിഞ്ഞതെന്ന് രേവതി ബാബു പറഞ്ഞു.
പഞ്ചായത്തിലെ ആറാം വാർഡിലെ മണ്ണക്കാട് പ്രദേശത്താണ് ബ്രൂവറി വരുന്നതെന്ന് അറിയുന്നത്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയോട് ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് അനുമതിക്കായി ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്.
എന്നാൽ ആറു മാസം മുന്‍പ് വ്യവസായ വകുപ്പിൽനിന്ന് ഓണ്‍ലൈനായി ഇക്കാര്യം ചോദിച്ചിരുന്നുവെന്നും നാട്ടുകാരുടെ പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ഓണ്‍ലൈൻ യോഗത്തിൽ ചോദിച്ചിരുന്നുവെന്നും സെക്രട്ടറി പറഞ്ഞിരുന്നു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ പദ്ധതി തുടങ്ങാനാവില്ല. എന്നാൽ വ്യവസായ വകുപ്പ് മുഖേന ലൈസൻസ് എടുത്ത് ചെയ്യുന്പോൾ സ്വാഭാവികമായും അനുമതി ലഭിക്കും. മൂന്നു വർഷത്തിനകം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ മതിയെന്നാണ് അറിവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.