കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ കോഴിക്കോട് കോർപറേഷൻ കാരപ്പറമ്പ് ഹെൽത്ത് സർക്കിൾ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടില്‍നിന്നു പിടിച്ചെടുത്തത് എട്ട് ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ടും വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പെരുമ്പൊയില്‍ കമലം ഹൗസില്‍ പി.എം. ഷാജിയെയാണ് വിജിലന്‍സ് പിടികൂടിയത്. മലപ്പുറം മൂന്നിയൂര്‍ കൈതകത്ത് വീട്ടില്‍ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. ആഫില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഹോള്‍സെയില്‍ സ്ഥാപനത്തിന് ഡി ആന്‍ഡ് ഒ ലൈസന്‍സ് അനുവദിച്ചു കിട്ടുന്നതിനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ 22 മുതല്‍ ഡിസംബര്‍ 11വരെയുള്ള കാലയളവിനുള്ളില്‍ പല തവണകളിലായി ഇയാള്‍ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിക്കാരന് പ്രയാസങ്ങള്‍ അറിയിച്ചപ്പോള്‍ കൈക്കൂലി തുക 2,500 രൂപയായി കുറവ് ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സമ്മതിച്ചു. അതില്‍ 1,000 രൂപ പരാതിക്കാരനില്‍ നിന്ന് ആദ്യം കൈപ്പറ്റുകയും ചെയ്തു.
ബാക്കി തുക ഇന്നലെ രാവിലെ 11 ന് കാരപ്പറമ്പിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ എത്തി നല്കാന് ആവശ്യപ്പെടുകയും ചെയ്തു. ആഫില്ഈ വിവരം കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പി സുനില്‍ കുമാറിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കെണിയൊരുക്കുകയുമായിരുന്നു. കാരപ്പറമ്പിലുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ വെച്ച് പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം ഷാജിയെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.