തൊടുപുഴ: കൈക്കൂലിക്കേസില്‍ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് രാജി വച്ചു. നഗരസഭ പരിധിയിലുള്ള സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്റ് എന്‍ജനിയറും ഇടനിലക്കാരനും വിജിലന്‍സിന്റെ പിടിയിലായ കേസില്‍ രണ്ടാം പ്രതിയായതോടെയാണ് ചെയര്മാന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്.
ചെയര്‍മാനെതിരേ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയം ഇന്നു രാവിലെ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുന്നതിനു മുമ്പ് അദ്ദേഹം നഗരസഭ ഓഫീസിലെത്തി സെക്രട്ടറിക്കു രാജി നല്‍കുകയായിരുന്നു. അവിശ്വാസത്തെ യുഡിഎഫും ബിജെപിയും പിന്തുണയ്ക്കുമെന്ന് അറിയിച്ച സാഹചര്യത്തില്‍ ചെയര്മാന് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജനിയര്‍ സി.ടി.അജി, ഇടനിലക്കാരന് റോഷന് സര്‍ഗം എന്നിവരാണ് വിജിലന്‍സ് പിടിയിലായത്.
എന്‍ജനിയര്‍ക്ക് കൈക്കൂലി നല്കാന് പ്രേരിപ്പിച്ചെന്ന കാരണത്താലാണ് സനീഷ് ജോര്‍ജിനെ രണ്ടാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഇതേ തുടര്‍ന്നു ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാരും വിവിധ രാഷ്ട്രീയപാര്‍ട്ടികളും സമര രംഗത്തായായിരുന്നു. പദവി രാജി വയ്ക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടെങ്കിലും ചെയര്മാന് ഇതിനു വഴങ്ങിയില്ല. ഇതോടെയാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വന്നത്.
ചെയര്‍മാന്റെ രാജിയോടെ നഗരസഭയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തു. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യയാക്കപ്പെട്ട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി പുറത്തായ ഒഴിവില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ച ജെസി ജോണി എല്‍ഡിഎഫ് പിന്തുണയോടെയാണ് വൈസ് ചെയര്‍പേഴ്സണായത്. നാളത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായാല്‍ യുഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുക്കാനുള്ള സാധ്യതയുമുണ്ട്.
ഇതിനു പുറമെ നഗരസഭയിലെ 11-ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി മല്‍സരിച്ച മാത്യു ജോസഫ് പിന്നീട് എല്‍ഡിഎഫിലേക്ക് കൂറുമാറിയെന്ന് ആരോപിച്ചാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും പിന്നീട് കോടതിയെയും സമീപിച്ചത്.