കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണത്തിനിരയായ മാർഗംകളി വിധികർത്താവ് കണ്ണൂർ ചൊവ്വ സൗത്തിലെ സദാനന്ദാലയത്തിൽ സഹദേവന്റെ മകൻ ഷാജി പൂത്തട്ട (പി.എൻ. ഷാജി-51) മരിച്ചത് കീടനാശിനി അകത്ത് ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐയും രണ്ട് ഗ്രേഡ് എസ്ഐമാരും ഉൾപെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും.
അതേസമയം ഷാജി മരിച്ച് കിടന്ന മുറിയിൽ നിന്നു കീടനാശിനിയുടെ കുപ്പിയും ഇത് ഒഴിച്ച ഗ്ലാസും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് സംഘം പരിശോധന നടത്തും. കോഴ വാങ്ങിയെന്ന ആരോപണമുയർന്നതിനാൽ മനോ വിഷമം കൊണ്ട് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഷാജിയുടെ ഫോൺ പോലീസ് പരിശോധിക്കും. ഇത് പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേരു വിവരങ്ങൾ രേഖപെടുത്താത്തത് കൊണ്ട് ആരാണ് ഷാജിയെ കുടുക്കിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഷാജിയുടെ അടുത്ത ബന്ധുക്കളുടെ മൊഴിയും പോലീസ് എടുക്കും. അതേസമയം ഷാജിയുടെ മൃതദേഹം ഇന്ന് രാവിലെ എട്ടോടെ വീട്ടിലെത്തിച്ചു. തുടർന്ന് 10.30 തോടെ പയ്യാമ്പലത്ത് സംസ്കരിച്ചു.