പാലക്കാട്: സ്വന്തമായി വാഹനമില്ലാത്ത, വിവാഹം കഴിക്കാത്ത, വീടില്ലാത്ത സർക്കാർ ഉദ്യോഗസ്ഥന്റെ കൈക്കൂലി സന്പാദ്യം കണ്ട് അന്പരന്നു നിൽക്കുകയാണ് പോലീസും നാട്ടുകാരും.
ഇന്നലെ താലൂക്കുതല പരാതിപരിഹാര അദാലത്തിനിടെ കൈക്കൂലിപ്പണവുമായി വിജിലൻസ് അറസ്റ്റുചെയ്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തിരുവനന്തപുരം സ്വദേശി വി. സുരേഷ്കുമാറിന്റെ കൈക്കൂലി സന്പാദ്യം സ്വന്തമായി വീട് വയ്ക്കാനെന്ന “ന്യായമായ’ ആവശ്യത്തിനായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
കൈക്കൂലിയായി എന്തും സ്വീകരിക്കുന്ന സുരേഷ് കുമാറിന്റെ വീട് പരിശോധിച്ചപ്പോഴാണ് പണം മാത്രമല്ല ഒരു സൂപ്പർമാർക്കറ്റ് തുടങ്ങാനുള്ള സാധനങ്ങളുണ്ടെന്ന് വിജിലൻസ് കണ്ടെത്തുന്നത്.
സുരേഷ് കുമാറിന്റെ വീട്ടിൽനിന്ന് പണത്തിന് പുറമെ, ഷർട്ട്, തേൻ, കുടംപുളി, പടക്കം, പേന തുടങ്ങിയ സാധനങ്ങളും കണ്ടെടുത്തു.മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ വാടകമുറിയിൽ ഇന്നലെ നടത്തിയ മിന്നൽപരിശോധനയിൽ 35 ലക്ഷം രൂപയും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 25 ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് രേഖകളും 17 കിലോ നാണയവും വിജിലൻസ് കണ്ടെടുത്തു. ഇതിൽ വിജിലൻസ് കണ്ടെത്തിയ നാണയങ്ങൾ എണ്ണിതിട്ടപ്പെടുത്തിയപ്പോൾ 9000 രൂപയാണെന്ന് കണ്ടെത്തി.
വിജിലൻസ് കണ്ടെടുത്തവയിൽ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ തുടങ്ങിയവ ഉൾപ്പെടുന്നു. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്.
ആർക്കും സംശയം തോന്നാതിരിക്കാൻ മുറി പൂട്ടാതെയാണ് സുരേഷ് കുമാർ പലപ്പോഴും പുറത്തുപോയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.ഒറ്റമുറിയിൽ ലളിത ജീവിതമാണ് സുരേഷ് നയിച്ചിരുന്നത്.
അച്ഛനും അമ്മയും ഇല്ലെന്നും സഹോദരി മാത്രമാണ് സ്വന്തമായുള്ളതെന്നുമാണ് സുരേഷ്കുമാർ പോലീസിനോട് പറഞ്ഞത്. ആളുംതരവുംനോക്കിയാണ് സുരേഷ്കുമാർ കൈക്കൂലി വാങ്ങിയിരുന്നതത്രെ.
ചില്ലറ കൈക്കൂലിയോടൊപ്പം ചിലരിൽനിന്ന് അയ്യായിരം രൂപമുതൽ പതിനായിരം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പലരും പറഞ്ഞതായി വിജിലൻസ് പറഞ്ഞു.
ചെറിയ ഒറ്റമുറിയിൽ കാർഡ് ബോർഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ അലക്ഷ്യമായാണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. കവറുകളും കടലാസ് പെട്ടികളും പൊടിയും മാറാലയും പിടിച്ചിരുന്നു.
മാസങ്ങളായി വാങ്ങുന്ന പണം ചെലവഴിക്കാതെ ഇത്തരത്തിലാണ് 35 ലക്ഷം സൂക്ഷിച്ചിരുന്നത്. മുറിയിൽ സൂക്ഷിച്ച പണത്തിന് പുറമെ, സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയുടെ രേഖയും കണ്ടെടുത്തു.
17 കിലോ നാണയവും കണ്ടെടുത്തു. കൂടാതെ നാളുകളായി ഇയാൾ ശന്പളം പോലും ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരുന്നില്ല. പൂർണമായും കൈക്കൂലിയായി വാങ്ങിയ തുകകൊണ്ടായിരുന്നു ജീവിതം.
സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ലാത്ത സുരേഷ് തന്റെ സന്പാദ്യം ഉപയോഗിച്ച് സ്വന്തമായി വീട് വയ്ക്കാനെന്നാണ് കൈക്കൂലി വാങ്ങിയതെന്ന് ഇയാൾ പറഞ്ഞതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരേഷ്കുമാറിനെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
സുരേഷ്കുമാർ കൈക്കൂലിക്കാരനാണെന്ന് തനിക്ക് അറിയില്ലെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി ഇതിനുമുന്പ് ആരും പരാതി നൽകിയിരുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാൾ ജോലിചെയ്തിരുന്ന ഓഫീസ് ഇന്ന് തഹസിൽദാർ സന്ദർശിച്ച് പരിശോധിക്കും. ഇയാളെ ഇന്നുതന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് വിജിലൻസിന്റെ നീക്കം.