തിരുവിതാംകൂര് ദേവസ്വം ബോര്ഡില് ജോലി വാഗ്ദാനം ചെയ്തു റിട്ടയേര്ഡ് എസ്ഐയില് നിന്നും ലക്ഷങ്ങള് തട്ടിയെന്ന പരാതിയില് വൈക്കം നഗരസഭയിലെ സിപിഎം കൗണ്സിലര് കെപി സതീശന് ഉള്പ്പെടെ നാലു പേര്ക്കെതിരെ വൈക്കം പോലീസ് കേസെടുത്തു.
റിട്ടയേഡ് എസ്ഐ വൈക്കം കാരയില് മാനശേരില് എംകെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
കെപി സതീശന്, ഭാര്യ രേണുക, വെച്ചൂര് സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവര് ചേര്ന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി.
ആറു ലക്ഷം രൂപ നല്കിയാല് ദേവസ്വം ബോര്ഡില് ഗാര്ഡിന്റെ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു സതീശന് നല്കിയ വാഗ്ദാനം.
മകനു വേണ്ടിയാണു സുരേന്ദ്രന് പണം നല്കിയത്. 50,000 രൂപ 2019 ഡിസംബറില് സതീശന്റെ വീട്ടില് എത്തിച്ചു കൊടുത്തെന്നു സുരേന്ദ്രന് പറയുന്നു.
2020 ജനുവരിയില് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വെച്ചൂര് സ്വദേശി ബിനീഷിനു വേണ്ടിയെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ സതീശന് വാങ്ങി.
2020 ഫെബ്രുവരിയില് അന്നത്തെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസുവിന് എന്നു പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങി.
തുടര്ന്നു ജോലി ശരിയായെന്ന് പറഞ്ഞ് കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം നിക്ഷേപിക്കാനും ആവശ്യപ്പെട്ടുവെന്നും സുരേന്ദ്രന് പറയുന്നു.
ഈ തുകയും പിന്നീട് പല തവണയായും പണം നല്കിയെന്നു പരാതിയില് പറയുന്നു. എന്നാല്, ജോലി കിട്ടിയതുമില്ല. പല തവണ ഫോണില് വിളിച്ചെങ്കിലും പ്രതികരിച്ചുമില്ല.
അതേസമയം, താന് പണം വാങ്ങിയിട്ടില്ലെന്നും സിപിഎം വെച്ചൂര് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബിനീഷ് എന്നയാളെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും കെപി സതീശന് പറഞ്ഞു.