തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റീവ് ഓഫീസർമാർക്കും സസ്പെൻഷൻ.
രണ്ട് സിവിൽ എക്സൈസ് ഓഫീസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫീസറെയും രണ്ടാഴ്ച എക്സൈസ് അക്കാഡമിയിൽ നിർബന്ധിത പരിശീലനത്തിനുമയയ്ക്കും.
എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ.കെ. സിജ എന്നിവരെ അക്കാഡമിയിൽ പരിശീലനത്തിന് അയയ്ക്കും.
ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫീസിലാണ് സംഭവം ഉണ്ടായത്.സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.