ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹസമയത്ത് വധുവിന് 18 വയസ്സു പൂര്‍ത്തിയായില്ലെന്ന പേരില്‍ വിവാഹം അസാധുവായി കണക്കാക്കാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി.
കുടുംബ കോടതി ഉത്തരവു റദ്ദാക്കിക്കൊണ്ടാണ്, ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത് ഷെട്ടി എന്നിവരുടെ ബെഞ്ചിന്റെ വിധി.
ഹിന്ദു വിവാഹ നിയമത്തിലെ പതിനൊന്നാം വകുപ്പു ചൂണ്ടിക്കാട്ടിയാണ്, വിവാഹം അസാധുവാണെന്നു കുടുംബ കോടതി വിധിച്ചത്.
എന്നാല്‍ വധുവിന്റെ പ്രായം ഈ വകുപ്പു പ്രകാരമുള്ള അസാധുവായ വിവാഹങ്ങളുടെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിവാഹ സമയത്ത് വധുവിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായിരിക്കണമെന്ന് ഹിന്ദു വിവാഹ നിയമം അഞ്ചാം വകുപ്പിലെ മൂന്നാം ഖണ്ഡികയില്‍ നിര്‍ദേശിക്കുന്നുണ്ട്.
എന്നാല്‍ പതിനൊന്നാം വകുപ്പില്‍ അസാധു വിവാഹങ്ങളുടെ പരിധിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കുടുംബ കോടതി ഇതു വിലയിരുത്തിയതില്‍ പിഴവു പറ്റിയതായും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കുടംബ കോടതി വിധിക്കെതിരെ ചെന്ന പട്ന താലൂക്കിലെ ഷീല നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
2012ല്‍ ഷീലയുടെയും മഞ്ജുനാഥിന്റെയും വിവാഹം നടന്നു. എന്നാല്‍ വിവാഹ ദിവസം ഷീലയ്ക്ക് പതിനെട്ടു വയസ്സു പൂര്‍ത്തിയായില്ലെന്നു മനസ്സിലായപ്പോള്‍ മഞ്ജുനാഥ് വിവാഹം അസാധുവാക്കാന്‍ കുടുംബ കോടതിയെ സമീപിച്ചു.
1995 സെപ്റ്റംബര്‍ ആറിനു ജനിച്ച ഷീലയ്ക്ക് വിവാഹ ദിവസം പതിനാറു വര്‍ഷവും പതിനൊന്നു മാസവും എട്ടു ദിവസവുമാണ് പ്രായമെന്ന് കുടുംബ കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവാഹം അസാധുവാണെന്നു വിധിക്കുകയായിരുന്നു.