വിവാഹദിനം വധുവരന്മാരെ സംബന്ധിച്ച് നിര്‍ണായകദിനമാണ്. എന്നാല്‍ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാന്‍ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണില്‍ ഗുരുവായൂരമ്പലത്തില്‍ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങള്‍ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാന്‍ പലപ്പോഴും വധൂവരന്മാര്‍ ഏറെ കഷ്ടപ്പെടാറുണ്ട്. ഇക്കഴിഞ്ഞ 10-ാം തീയതി 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയില്‍ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാല്‍ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാന്‍ പല വധൂവരന്മാര്‍ക്കും കഴിഞ്ഞില്ല.
വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തില്‍ നിലയുറപ്പിക്കുമ്പോള്‍ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാന്‍ ശ്രമിക്കുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് ഉടഞ്ഞ സാരിയും ഉലഞ്ഞ മുടിയുമായി ആകെ അലങ്കോലമായാണ് വധുവിന് മണ്ഡപത്തില്‍ പ്രവേശിക്കാനായത്. തിരക്ക് നിയന്ത്രിക്കാന്‍ വല്ലാതെ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളില്‍ കാണാം.
ബന്ധുക്കള്‍ മുന്‍കൈയെടുത്ത് വധൂവരന്മാരെയും മാതാപിതാക്കളെയും മണ്ഡപത്തിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതോടെ സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമായി. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തില്‍ തിക്കിലും തിരക്കിലും പെട്ട് ബുദ്ധിമുട്ടുന്നവരുടെ ദുരിതം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍. അനിയന്ത്രിതമായ തിരക്കിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മുന്‍പേ തന്നെ നിരവധിപേര്‍ ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.