വിവാഹവേദിയില്‍ വെച്ച് വരന് ചുംബിച്ചതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയ ഉടനെയായിരുന്നു വധുവിനു വരന് അപ്രതീക്ഷിതമായി മുത്തം നല്‍കിയത്.
മുന്നൂറോളം അതിഥികളുടെ മുമ്പില്‍ വച്ചായിരുന്നു വരന്റെ കടുംകൈ. ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ആണ് സംഭവം.
സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന് ചുംബിച്ചതെന്ന് ബിരുദധാരിയായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ(26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കി.
ഇതേക്കുറിച്ച് വധു പറയുന്നതിങ്ങനെ…വേദിയില്‍ എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു.
പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞെട്ടിപ്പോയി. എല്ലാവരുടെയും മുന്പില് നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി പെരുമാറിയ ആള് ഭാവിയില്‍ എങ്ങനെയാകും പെരുമാറുക? അതുകൊണ്ട് അയാള്‍ക്കൊപ്പം ജീവിക്കില്ലെന്നു ഞാന്‍ തീരുമാനം എടുത്തു. വധു വ്യക്തമാക്കി.
സുഹൃത്തുക്കളുടെ പ്രേരണയാലാണ് വരന് ഇങ്ങനെ ചെയ്തതെന്നും തന്റെ മകള്‍ക്ക് ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്നാണ് അഭിപ്രായമെന്നും കുറച്ചുദിവസം അവള്‍ക്കു ചിന്തിക്കാന്‍ സമയം നല്‍കിയശേഷം തീരുമാനം എടുക്കുമെന്നും വധുവിന്റെ അമ്മ പറഞ്ഞു.
ആചാരപരമായി വിവാഹം കഴിഞ്ഞെന്നും എന്നാല്‍ വധു വരനെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ ശാന്തമായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം തീരുമാനം എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.