ബംഗാള്‍: വിവാഹങ്ങള്‍ വധൂവരന്മാരുടെ കൂടിച്ചേരലാണെങ്കിലും പലയിടത്തും വിവാഹങ്ങള്‍ പല രീതിയിലാണ് നടക്കുന്നത്. പല തരത്തിലുള്ള ആചാരങ്ങള്‍ ജാതിമതദേശ ബന്ധിതമായി വിവാഹങ്ങളില്‍ കടന്നു വരുന്നു. ബംഗാളിലെ ഒരു വിവാഹവേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ വീഡിയോ.
ബംഗാളി വിവാഹത്തിലുളള ‘കനകാഞ്ജലി’ എന്ന ചടങ്ങിനെ തുറന്ന് എതിര്‍ക്കുന്ന വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ നെഞ്ചിലേറ്റുന്നത്. വധു തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ചത്. ധീരമായ തീരുമാനം എടുത്തതിന് നിരവധി ആളുകള്‍ വധുവിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോഴുളള ചടങ്ങിനെയാണ് വധു എതിര്‍ത്തത്. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും വേണം.
‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിക്കുമ്പോള്‍ അവളതിന് ‘തീര്‍ത്തു’ എന്ന മറുപടി പറയണം. എന്നാല്‍ ഈ ചടങ്ങിനെ എതിര്‍ത്താണ് വധു സമൂഹമാധ്യമങ്ങളില്‍ താരമായത്. മാതാപിതാക്കളോടുളള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാന്‍ ആകില്ലെന്നാണ് വധു മറുപടി നല്‍കിയത്. ശേഷം ‘കാണാം’ എന്നു പറഞ്ഞാണ് വധു വരന്റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്. ‘മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം’ എന്നും അവള് വാക്ക് നല്‍കിയതിന് ആരോ തമാശയ്ക്ക് ‘കാളീ പൂജയ്ക്കാകും വരിക അല്ലേ’ എന്ന് ചോദ്യത്തിന് ‘അല്ല ഇതെന്റെ വീടാണ് എനിക്ക് തോന്നുമ്പോഴൊക്കെ വന്ന് വീട്ടുകാരെ കാണും’ എന്നവള്‍ മറുപടി നല്‍കുകയും ചെയ്തു.