എറണാകുളം: നവവധുവിനെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി വധുവിന്റെ കുടുംബം. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുക്കാൻ വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി.
കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വീട്ടുകാർ തന്നെ കാണാനെത്തിയപ്പോഴാണ് യുവതി പീഡനവിവരം തുറന്ന് പറയുന്നത്.
തുടർന്ന് ഭർത്താവായ രാഹുലിനെതിരെ ഗാർഹികപീഡനത്തിനാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. എന്നാൽ വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.