താലികെട്ടിന് ശേഷം വധു കാമുകനൊപ്പം പോയ സംഭവം എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചവര്‍ കുടുങ്ങും. ഇപ്പോള്‍ വരനെതിരേ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്.സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച് തേപ്പുകാരിയെന്ന മുദ്ര കുത്തിയപ്പോള്‍ ഷിജില്‍ കാരണം ഒറ്റ ദിവസം കൊണ്ട് തന്നെ തകര്‍ന്നടിഞ്ഞ ഒരു കുടുംബമുണ്ട് കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി മാമ്പുളളിയില്‍. അവിടെ നിറകണ്ണുകളോടെ ആളുകളുടെ കളിയാക്കലിനും പരിഹാസത്തിനും കഥാപാത്രമായി മാറേണ്ടി വന്ന ഹരിദാസ് എന്ന ഒരു പാവം അച്ഛനുണ്ട്.
കല്യാണ മണ്ഡപത്തില്‍ നിന്നും വധു കാമുകന്റെ കൂടെ ഇറങ്ങിപ്പോയെന്ന വാര്‍ത്ത വ്യാജമായിരുന്നെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹത്തില്‍ നിന്നു പിന്മാറിയ പെണ്‍കുട്ടി ഇപ്പോള്‍ സ്വന്തം വീട്ടിലുണ്ട് എന്നതാണ് വാസ്തവം. സംഭവത്തില്‍ 8ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിട്ടും തന്റെ കുടുംബത്തെയും മകളെയും അപകീര്‍ത്തിപ്പെടുത്താന്‍ വരന്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രമിച്ചെന്നു കാട്ടിയാണ് മായയുടെ പിതാവ് ഹരിദാസ് പോലീസില്‍ പരാതി നല്‍കി. വധുവിനോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കേണ്ട വിവാഹ റിസപ്ഷന്‍ വീട്ടുകാരോടും ബന്ധുക്കളോടുമൊപ്പം ആഘോഷിച്ച് മായ എന്ന ദുരന്തം തലയില്‍ നിന്നൊഴിഞ്ഞതിന്റെ ഒരു ചെറിയ സെലബ്രേഷന്‍ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷിജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് നിമിഷ നേരം കൊണ്ടു തന്നെ പോസ്റ്റു വൈറലായി. നവമാധ്യമങ്ങള്‍ ഷിജിലിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ എല്ലാവര്‍ക്കും മുമ്പില്‍ പരിഹാസപാത്രമായി ആത്മഹത്യയുടെ വക്കിലായിരുന്നു ഈ കുടുംബം. എല്ലാം പറഞ്ഞ് ഒത്ത് തീര്‍പ്പാക്കിയിട്ടും ഷിജില്‍ പ്രതികാരം ചെയ്തത് മായയുടെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. ഇത് മായയെയും കുടുംബത്തെയും മനഃപൂര്‍വം അപമാനിക്കാനും മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തളളിവിടാനുമാണ് ഷിജില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഹരിദാസിന്റെ പരാതി. വിഷയത്തില്‍ മായയുടെ ചിത്രം അപകീര്‍ത്തിപരമായ രീതിയില്‍ സോഷ്യല്‍മീഡിയവഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടിയുടെ കാമുകന്‍ നാടു വിട്ടതായാണ് സൂചന.