കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് ഭർത്താവിന്റെ മർദനമേറ്റെന്ന് പരാതി. വധുവിന്റെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രാഹുലിനെതിരേ പോലീസ് കേസടുത്തു. ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മെയ് അഞ്ചിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഏഴാം നാൾ അടുക്കള കാണൽ ചടങ്ങിനായി വരന്റെ വീട്ടിലെത്തിയതായിരുന്നു വധുവിന്റെ വീട്ടുകാർ. ഈ സമയത്താണ് യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടത്.
രക്തപ്പാടുകളും, മുറിവുകളും ശ്രദ്ധയിൽപ്പെട്ടയുടനെതന്നെ കുടുംബം കാര്യം തിരക്കി. തുടർന്നാണ് ഭർത്താവിൽ നിന്ന് ദിവസങ്ങളായി ക്രൂര മർദനത്തിന് താൻ ഇരയായെന്ന് യുവതി വെളിപ്പെടുത്തിയത്. ഉടൻതന്നെ പെൺകുട്ടിയുമായി കുടുംബം പന്തീരാങ്കാവ് സ്റ്റേഷനിലേക്കെത്തുകയും വരനെതിരേ പരാതിപ്പെടുകയും ചെയ്തു. രാഹുലുമൊത്ത് ഇനി ബന്ധം തുടരാൻ താത്പര്യമില്ലെന്ന് യുവതി അറിയിച്ചതോടെ വീട്ടുകാർക്കൊപ്പം വധുവിനെ വിട്ടു.