ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹച്ചടങ്ങിനിടെ മദ്യപിച്ചെത്തിയ വരൻ മറ്റൊരു യുവതിയെ വരണമാല്യം അണിയിച്ചത് ബഹളത്തിലും ബന്ധുക്കളുടെ കൂട്ടത്തല്ലിലും കലാശിച്ചു.
വധുവിന്റെ ഉറ്റ കൂട്ടുകാരിയെയാണ് വരൻ മാല ചാർത്തിയത്. ശനിയാഴ്ചയാണു സംഭവം. മദ്യലഹരിയിൽ ലക്കുകെട്ട് വൈകിയെത്തിയ രവീന്ദ്രകുമാർ(26) വധുവിന്റെ തൊട്ടടുത്തുനിന്ന കൂട്ടുകാരിയെ മാല അണിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ വധു രാധാദേവി (21) രവീന്ദ്രകുമാറിനെ അടിച്ചു. തുടർന്ന്, ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി. പരസ്പരം കസേരകൾ എറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല് ആയിരുന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു.
വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽ 2.5 ലക്ഷം രൂപയും വിവാഹദിനത്തിൽ രണ്ടു ലക്ഷം രൂപയും നൽകിയതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാൽ, വരനും കുടുംബവും കൂടുതൽ പണം ആവശ്യപ്പെട്ടു. വരനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. വരനെയും കൂട്ടരെയും പോലീസ് പറഞ്ഞയയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനു വരനെതിരേയും കേസെടുത്തിട്ടുണ്ട്.