വരന് കറുത്ത നിറമാണെന്നും തന്റെ ഇരട്ടി പ്രായമുണ്ടെന്നും ആരോപിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.
ഒടുവില്‍ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു. മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയില്‍ കണ്ട ആണ്‍കുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിച്ചു.
വിവാഹവേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വധുവിന്റെ ഈ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച ഇറ്റാവയിലെ ഭര്‍ത്തനയിലായിരുന്നു സംഭവം.
വരന് രവി യാദവുമായുള്ള വിവാഹത്തില്‍ നിന്നാണ് വധു നീത യാദവ് പിന്മാറിയത്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും, വധുവും അഗ്നിയെ ചുറ്റി വലംവച്ചു കൊണ്ടിരികയായിരുന്നു.
എന്നാല്‍, രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയപ്പോള്‍, വധു പെട്ടെന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു.
വരന് കറുത്തിട്ടാണ് എന്നതായിരുന്നു അതിന്റെ കാരണം. മാത്രവുമല്ല, വരന് തന്നെക്കാള്‍ ഇരട്ടി പ്രായമുണ്ട് എന്നും അവള് ആരോപിച്ചു.
എന്നാല്‍, അതിന് മുന്‍പ് അവര്‍ ഇരുവരും ഹാരങ്ങള്‍ കൈമാറുകയും, മറ്റ് ചടങ്ങുകയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രശ്നമുണ്ടായില്ല.
പക്ഷേ, വിവാഹ ചടങ്ങ് പുരോഗമിച്ചതോടെ വധുവിന്റെ ഭാവം മാറി. നേരത്തെ കാണിച്ച ഫോട്ടോയിലെ വരന് ഇപ്പോള്‍ തന്റെ മുന്നില്‍ നില്ക്കുന്ന ആളല്ലെന്നും, മറ്റാരുടെയോ ഫോട്ടോ കാണിച്ചായിരുന്നു വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും വധു ആരോപിച്ചു.
വരന്റെ നിറം എണ്ണക്കറുപ്പാണെന്നും, തനിക്ക് അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും അവള് പറയുകയായിരുന്നു.
വീട്ടുകാര്‍ അവളെ പിന്തിരിപ്പിക്കാന് കുറെ ശ്രമിച്ചെങ്കിലും, അവള് തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയ അവള് പിന്നീട് തിരികെ വന്നില്ല.
എന്നാല്‍, വീട്ടുകാരും നാട്ടുകാരും ആറുമണിക്കൂറോളം അവളെ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കേള്‍ക്കുന്നു.
ഒടുവില്‍ ഒരു രക്ഷയുമില്ലെന്ന് കണ്ട വരനും, വിവാഹസംഘവും മടങ്ങി. വധുവിന് സമ്മാനമായി നല്കിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് തന്റെ ജീവിതം ആകെ പ്രതിസന്ധിയിലായെന്ന് വരന് രവി പറഞ്ഞു. ”പെണ്‍കുട്ടിയും അവളുടെ കുടുംബവും എന്നെ കാണാന്‍ പലതവണ വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവള് പെട്ടെന്ന് മനസ്സ് മാറി, കല്യാണത്തില്‍ നിന്ന് പിന്മാറിയതെന്ന് എനിക്കറിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു” അദ്ദേഹം പറഞ്ഞു.