വിവാഹം ആലോചിക്കുമ്പോള് വധുവിനെയും വരനെയും കുറിച്ച് അവരുടെ നാട്ടില് തിരക്കുന്നത് നമ്മുടെ നാട്ടില് പതിവുള്ള ഒരു കാര്യമാണ്.
ഇത്തരത്തില് പ്രതിശ്രുധ വരനെക്കുറിച്ച് അന്വേഷിക്കാന് പെണ്കുട്ടിയെത്തിയതാവട്ടെ വരന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും.
എന്നാല് പോലീസില് നിന്നുള്ള വിവരം കേട്ട് പെണ്കുട്ടിയും വീട്ടുകാരും അക്ഷരാര്ഥത്തില് ഞെട്ടി.
താന് വിവാഹം കഴിക്കാന് പോകുന്ന ആള് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസില് പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പോലീസിനു നന്ദിയും പറഞ്ഞാണ് പെണ്കുട്ടി മടങ്ങിയത്.
ഈ സംഭവ കഥ വെളിപ്പെടുത്തി നര്ക്കോട്ടിക് സെല് ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോള് വൈറലാണ്.
നാലു മാസം മുന്പ് നടന്ന സംഭവം കഴിഞ്ഞ ഡിസംബര് 24ന് കാസര്കോട് നടന്ന ലഹരി വിരുദ്ധ ബോധല്ക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ വിവരിച്ചത്.
പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസര്കോട് ടൗണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ഓണ്ലൈനിലൂടെ പരിചയപ്പെട്ട പ്രതിശ്രുത വരനെക്കുറിച്ചറിയാനായിരുന്നു വരവ്. എന്തെങ്കിലും ലഹരിക്കേസിലെ പ്രതിയാണോ? ലഹരി ഉപയോഗിക്കുന്നയാള് ആണോ എന്നറിയാന് പൊലീസുകാരുടെ സഹായം തേടി.
യുവാവിന്റെ ഫോട്ടോയും വിലാസവും പൊലീസുകാര്ക്കു നല്കി. ഫോട്ടോ കണ്ടതോടെ പൊലീസുകാരും ഞെട്ടി.
ലഹരി ഉപയോഗിക്കുന്നയാളാണെന്നും കേസിലെ പ്രതിയാണെന്നും പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരോടു നന്ദി പറഞ്ഞാണു ഇവര് മടങ്ങിയത്.
അതോടെ പെണ്കുട്ടി ആ വിവാഹാലോചന ഒഴിവാക്കി. മാത്യുവിന്റെ ഒരു മണിക്കൂര് നീണ്ട പ്രസംഗത്തിലെ 49 സെക്കന്ഡിലുള്ള ഈ ഭാഗമാണ് വൈറലായത്.