ഏറെ അന്വേഷിച്ചിട്ടും വിവാഹം ശരിയാവാത്തവർ ഒടുക്കം ചെറിയ ചെറിയ കള്ളങ്ങൾ പറയാൻ നിർബന്ധിതരാകും. എന്നാൽ ഈ കള്ളങ്ങൾ എന്നെങ്കിലും പുറത്താകും എന്നുള്ള കാര്യം അവർ മറന്നുപോകുകയും ചെയ്യും. അത്തരത്തിൽ ഒരു കള്ളം പറഞ്ഞ് വിവാഹം നടത്താൻ ശ്രമിച്ച യുവാവ് ഒടുക്കം പുലിവാല് പിടിച്ചിരിക്കുകയാണ്.
shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഈ സംഭവത്തിന്റെ വാർത്തയുടെ ചിത്രങ്ങള്‍ ഒരു ചെറിയ വീഡിയോയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലായിരുന്നു വിചിത്രമായ സംഭവം നടന്നത്.
വിവാഹം നടക്കുന്നതിനായി വരനും കൂട്ടരും വധുവിനോടും കുടുംബത്തോടും ഒരു കള്ളം പറഞ്ഞു. എന്നാൽ ഇതിൽ സംശയം തോന്നിയ വധു കല്യാണ ദിവസം തന്നെ ആ കള്ളം കൈയോടെ പൊളിച്ചു കൊടുത്തു.
വിവാഹ വേദിയിലെത്തിയ വധു സംശയം തീർക്കാനായി വരനോട് രണ്ടിന്റെ ഗുണനപട്ടിക ചൊല്ലാൻ പറഞ്ഞു. അവിചാരിതമായുള്ള വധുവിന്റെ ചോദ്യത്തിന് മുന്നിൽ വരൻ കുഴഞ്ഞുപോയി. തുടർന്ന് വധുവിന്റെ വീട്ടുകാർ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം മനസിലാക്കുകയായിരുന്നു. അങ്ങനെ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. വധുവിന്റെയും വരന്റെയും വീട്ടുകാർ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു ഇത്.
ഈ സംഭവത്തിന്റെ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെ നിരവധിപേർ കമന്റുമായെത്തി. ‘എല്ലാ ആൺകുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.’ എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്ന്.